ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും ജനാധിപത്യം സംരക്ഷിക്കുന്നതിനും വേണ്ടി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട് ഒരുകൂട്ടം മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കത്തയച്ചു.
തെരഞ്ഞെടുപ്പിലെ പണാധിപത്യം, മാധ്യമങ്ങളെ ഉപയോഗിച്ചുള്ള കൃത്രിമം, വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍, ഇവിഎം മാനേജ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ തുടങ്ങിയവ തുറന്ന കത്തില്‍ ഉന്നയിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഈ പ്രശ്‌നങ്ങള്‍ ഓരോന്നും അഭിസംബോധന ചെയ്യേണ്ടത് ആവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. കോണ്‍സ്റ്റിറ്റിയൂഷന്‍ കോണ്‍ഡക്ട് ഗ്രൂപ്പിന്റെ ബാനറിന് കീഴില്‍ 89 മുന്‍ ഉദ്യോഗസ്ഥര്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചവരാണ് ഇവര്‍.
തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിൽ സുതാര്യത കൊണ്ടുവരുന്നതിനായി ഇലക്ടറൽ ബോണ്ട് കേസിൽ നേരത്തെ വാദം കേൾക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കണമെന്നും 2017 സെപ്റ്റംബറിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ആണ് ഇലക്ടറൽ ബോണ്ടുകൾക്കെതിരായ കേസ് ആദ്യമായി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. എന്നാൽ ഹര്‍ജിയില്‍ തീരുമാനമുണ്ടായിട്ടില്ല. സുപ്രീം കോടതിയിൽ വിഷയം ഉന്നയിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും കത്തില്‍ ആരോപിക്കുന്നു.
രാഷ്ട്രീയ പാര്‍ട്ടിയുടെ ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കൂറുമാറിയ ജനപ്രതിനിധികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കുന്നതിന് ഭരണഘടനയുടെ 102-ാം അനുച്ഛേദം ഭേദഗതി ചെയ്യുന്നതിന് ചര്‍ച്ച ആരംഭിക്കണം. വര്‍ഗീയ പ്രചരണങ്ങള്‍/പ്രസ്താവനകള്‍ എന്നിവയും വോട്ടിങ് പ്രക്രിയയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.
ഈ വിഷയത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ ശക്തമാക്കി നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇത്തരം കുറ്റവാളികളെ ഒരു നിശ്ചിത സമയത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.