വീണക്കെതിരേയുള്ള മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ പരാതി പരിശോധിക്കാന്‍ ധനകാര്യവകുപ്പ്; ഐജിഎസ്ടി വിവരങ്ങള്‍ സിപിഎം ഇന്ന് പുറത്തുവിട്ടേക്കും

വീണക്കെതിരേയുള്ള മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ പരാതി പരിശോധിക്കാന്‍ ധനകാര്യവകുപ്പ്; ഐജിഎസ്ടി വിവരങ്ങള്‍ സിപിഎം ഇന്ന് പുറത്തുവിട്ടേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ നികുതി നല്‍കിയില്ലെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതി പരിശോധിക്കാന്‍ ധനകാര്യ വകുപ്പ്. ഇ മെയിലായി നല്‍കിയ പരാതി കിട്ടിയതായി സ്ഥിരീകരിച്ച ധനമന്ത്രിയുടെ ഓഫീസ് അത് നികുതി വകുപ്പിന് കൈമാറും.

വീണാ വിജയന്റെ എക്സലോജിക് ഐടി കമ്പനി കെഎംആര്‍എല്ലില്‍ നിന്നും കൈപറ്റിയ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി അടച്ചിട്ടില്ലെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. വീണാ വിജയന്‍ ജിഎസ്ടി നികുതി അടച്ചെങ്കില്‍ രേഖ പുറത്ത് വിടണമെന്നും ആവശ്യപ്പെട്ടിരുന്നു.

വീണാ വിജയന്‍ ജിഎസ്ടി നികുതി അടച്ചെങ്കില്‍ രേഖ പുറത്ത് വിടണമെന്ന ആവശ്യമുന്നയിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലിന് ഇ-മെയിലായി പരാതി അയക്കുകയായിരുന്നു. പരാതി കിട്ടിയതായി ധനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. നികുതി സംബന്ധിച്ച പരാതിയായതിനാല്‍ നികുതിവകുപ്പിന് ഇത് കൈമാറും.

അന്തര്‍സംസ്ഥാന വ്യാപാരവും സേവനവും നടത്തുന്ന കമ്പനികള്‍ അടക്കേണ്ട ഇന്റഗ്രേറ്റഡ് ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് (ഐജിഎസ്ടി ) കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംസ്ഥാനത്താണ് ഒടുക്കേണ്ടത്. വീണയുടെ കമ്പനി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് കര്‍ണ്ണാടകയിലാണ്. അതിനാല്‍ തന്നെ മാത്യു കുഴല്‍നാടന്റെ പരാതിയില്‍ സംസ്ഥാന ധനകാര്യ വകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്നത് പ്രസക്തമാണ്.

വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് കൈപ്പറ്റിയ പണത്തിന്റെ ഐജിഎസ്ടി അടച്ചതിന്റെ രേഖകള്‍ സിപിഎം ഇന്ന് പുറത്തുവിട്ടേക്കുമെന്നാണ് കരുതുന്നത്. അതിനിടയില്‍ വീണക്കെതിരെ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ തയ്യാറെടുക്കുകയാണ് മാത്യൂ എന്നും വിവരമുണ്ട്. മറുവശത്ത് മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് എതിരേ ഉയര്‍ന്ന ഭൂമി വിഷയത്തില്‍ നിര്‍ണ്ണായക റിപ്പോര്‍ട്ടും ഇന്നു വരും.

അളന്ന് തിട്ടപ്പെടുത്തിയ എം.എല്‍.എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയില്‍ നിലം ഉള്‍പ്പെടുന്നുണ്ടെങ്കില്‍ ആ നിലം മണ്ണിട്ട് നികത്തിയോ എന്നതടക്കമുള്ള കാര്യങ്ങളിലെ റിപ്പോര്‍ട്ട് മാത്യു കുഴല്‍ നാടനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

മാസങ്ങള്‍ക്ക് മുന്‍പ് കടവൂര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. എന്നാല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദം ഉയര്‍ന്നപ്പോഴാണ് റവന്യു സര്‍വെ വിഭാഗം റീ സര്‍വ്വേ നടത്തിയതെന്നാണ് ഉയരുന്ന ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.