പാകിസ്ഥാനില്‍ തകര്‍ക്കപ്പെട്ടത് 19 പള്ളികള്‍; അഗ്‌നിക്കിരയാക്കിയ ദേവാലയത്തിന് സമീപം നടന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് നൂറിലേറെ ക്രൈസ്തവര്‍

പാകിസ്ഥാനില്‍ തകര്‍ക്കപ്പെട്ടത് 19 പള്ളികള്‍; അഗ്‌നിക്കിരയാക്കിയ ദേവാലയത്തിന് സമീപം നടന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് നൂറിലേറെ ക്രൈസ്തവര്‍

ലാഹോര്‍: പാകിസ്ഥാനില്‍ മത തീവ്രവാദികള്‍ അഗ്‌നിക്കിരയാക്കിയ ദേവാലയത്തിന് പുറത്ത് ഞായറാഴ്ച്ച അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് നൂറിലേറെ വിശ്വാസികള്‍. ഫൈസലാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ജരാന്‍വാലയില്‍ അക്രമികള്‍ തകര്‍ത്ത സെന്റ് ജോണ്‍ ദേവാലയത്തിന് സമീപമാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നത്.

തുറസായ സ്ഥലത്തുണ്ടാക്കിയ താല്‍ക്കാലിക സജ്ജീകരണത്തില്‍ നടന്ന ബലിയര്‍പ്പണത്തില്‍ മെത്രാന്‍ ഉള്‍പ്പെടെ മൂന്നു വൈദികര്‍ കാര്‍മ്മികരായി. ആക്രമണം ഭയക്കാതെ നിരവധി വിശ്വാസികളാണ് തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ ഒത്തുകൂടിയത്. സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചിനോട് ചേര്‍ന്നുള്ള ഇടുങ്ങിയ ഇടവഴിയില്‍ ഇരുന്നൂറോളം പേര്‍ അടങ്ങുന്ന ക്രൈസ്തവര്‍ പ്രാര്‍ത്ഥനയുമായി ഒരുമിച്ച് കൂടിയത് ശ്രദ്ധേയമായി. നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് കാവല്‍ നിന്നിരുന്നു.

വിശ്വാസി സമൂഹം വിശുദ്ധ ബലിയിലും പ്രാര്‍ത്ഥനയിലും നിറകണ്ണുകളോടെയാണ് പങ്കുചേര്‍ന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. വിശുദ്ധ ബലിയര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ ചുറ്റുമുള്ള നഗരങ്ങളില്‍ നിന്ന് വരെ ആളുകള്‍ എത്തിയിരുന്നുവെന്ന് പാക്ക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കറുത്തിരുണ്ട ജനലുകളും വിണ്ടുകീറിയ മേല്‍ക്കൂരകളും ഉള്‍പ്പെടെ ദേവാലയത്തിന്റെ സ്ഥിതി ദയനീയമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവിധ ചിത്രങ്ങളിലൂടെ വ്യക്തമാണ്.

മതനിന്ദാ ആരോപണമുയര്‍ത്തി തീവ്ര ഇസ്ലാമിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 87 ക്രിസ്ത്യന്‍ വീടുകളും 19 പള്ളികളും തകര്‍ക്കപ്പെട്ടതായാണ് അധികൃതര്‍ അറിയിച്ചത്. നൂറുകണക്കിന് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചാബ് പ്രവിശ്യയിലുടനീളമുള്ള 3,200 പള്ളികള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ആക്രമണത്തെത്തുടര്‍ന്ന്, പാകിസ്ഥാനിലെ ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ചെറിയ തോതിലുള്ള വിവിധ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. സംരക്ഷണ നടപടികള്‍ മെച്ചപ്പെടുത്താന്‍ അവര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

അതേസമയം ക്രൈസ്തവരുടെ ആരാധനാലയങ്ങളും ഭവനങ്ങളും വളഞ്ഞിട്ടു ആക്രമിച്ച 125-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പഞ്ചാബ് ഇന്‍സ്‌പെക്ടര്‍ പോലീസ് ജനറല്‍ ഉസ്മാന്‍ അന്‍വര്‍ എഎഫ്പിയോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.