കൊച്ചി: സഭയുടെ ശക്തി കൂട്ടായ്മയാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ മുപ്പത്തിയൊന്നാമത് സിനഡിന്റെ മൂന്നാം സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.
എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച് ബിഷപ് സിറില്‍ വാസിലിനെതിരെ കത്തീഡ്രല്‍ ബസിലിക്കയിലുണ്ടായ പ്രതിഷേധം സഭയ്ക്ക് അഗാധമായ ദുഖമുണ്ടാക്കിയെന്ന് കര്‍ദിനാള്‍ പറഞ്ഞു.പൊന്തിഫിക്കല്‍ ഡെലഗേറ്റിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സംഘര്‍ഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് നീതികരിക്കാനാവാത്തതും ക്രൈസ്തവ വിരുദ്ധവുമായ രീതികളാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ സിനഡു സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കത്തോലിക്കാ കൂട്ടായ്മയെ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള അച്ചടക്കരാഹിത്യം സഭയ്ക്ക് അപകടകരമാണെന്ന് പൊന്തിഫിക്കല്‍ ഡെലഗേറ്റ് ചൂണ്ടിക്കാട്ടി.
കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നയിച്ച ധ്യാന ചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്. തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനോടൊപ്പം സിനഡു പിതാക്കന്മാര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. മേല്‍പട്ട ശുശ്രൂഷയുടെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവിന്റെ സേവനങ്ങളെ കര്‍ദിനാള്‍ പ്രത്യേകം അനുസ്മരിച്ചു.
ഈ വര്‍ഷം ജൂബിലിയുടെ നിറവിലായിരിക്കുന്ന ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ തോമസ് തുരുത്തിമറ്റത്തില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ക്ക് സിനഡ് ആശംസകള്‍ അറിയിച്ചു.
സഭയുടെ മേജര്‍ സെമിനാരികളുടെ റെക്ടര്‍മാരുമായും സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്‌സുമായും സിനഡുപിതാക്കന്മാര്‍ കൂടിക്കാഴ്ച്ച നടത്തും. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് സിനഡ് ചര്‍ച്ചകള്‍ ആരംഭിച്ചു. ഓഗസ്റ്റ് 26 ന് വൈകുന്നേരം ആറിന് സിനഡു സമ്മേളനം സമാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26