മാഞ്ചസ്റ്റര്‍: ഏഴു നവജാത ശിശുക്കളെ ക്രൂരമായി കൊലപ്പെടുത്തുകയും ആറു കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത യുകെയിലെ എന്‍എച്ച്എസ് നഴ്‌സ് ലൂസി ലെറ്റ്ബിക്ക് (33) മരണം വരെ ജയില്‍ ശിക്ഷ. മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രൂരവും മുന്‍കൂട്ടി നിശ്ചയിച്ചതുമായ കൊലപാതകങ്ങളാണ് ലൂസി ലെറ്റ്ബി നടത്തിയതെന്ന് വിചാരണ ജഡ്ജിയായ ജസ്റ്റിസ് ഗോസ് പറഞ്ഞു.
ദുര്‍ബലരായ കുട്ടികളെ കൊലപ്പെടുത്തിയ പ്രതി രാജ്യത്തിന് അപകീര്‍ത്തികരമായ കൊലപാതകങ്ങളാണ് നടത്തിയതെന്ന് പറഞ്ഞ കോടതി കുറ്റകൃത്യത്തെ ലഘൂകരിക്കുന്ന ഘടകങ്ങളൊന്നും കാണുന്നില്ലെന്നും നിരീക്ഷിച്ചു. കൊലപാതകങ്ങളില്‍ പശ്ചാത്താപമില്ലാത്ത പ്രതി ജീവിത കാലം മുഴുവന്‍ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ അര്‍ഹയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ശിക്ഷ വിധിക്കുമ്പോള്‍ ലൂസി ലെറ്റ്ബി കോടതിയില്‍ നേരിട്ട് ഹാജരായില്ല. കോടതിയില്‍ നടക്കുന്ന ശിക്ഷാ വിധിയില്‍ ഹാജരാകാന്‍ ലൂസി ലെറ്റ്ബി കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു. ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതി കണ്ടെത്തിയത്. ഏകദേശം 87 മണിക്കൂര്‍ നീണ്ട ജൂറി ചര്‍ച്ചകളെത്തുടര്‍ന്നാണ് ലൂസി ലെറ്റ്ബിയെ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കുറ്റവാളി ആണെന്ന് കണ്ടെത്തിയത്. പ്രതിയുടെ ബാരിസ്റ്റര്‍ കെ സി ബെഞ്ചമിന്‍ മിയേഴ്‌സാണ് വിധി പുറപ്പെടുവിക്കുമ്പോള്‍ പ്രതി ഹാജരാകില്ല എന്ന് അറിയിച്ചത്. പ്രതിയെ നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധിക്കാന്‍ നിലവിലെ നിയമം അനുസരിച്ച് കോടതിക്ക് കഴിയില്ലെന്ന് വിചാരണ ജഡ്ജിയായ ജസ്റ്റിസ് ഗോസ് കെസി പുറപ്പെടുവിക്കുമ്പോള്‍ പറഞ്ഞു.
പ്രതികള്‍ നേരിട്ട് ഹാജരാകുന്ന തരത്തില്‍ ഇത്തരം നിയമങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഗൗരവകരമായി ആലോചിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പ്രതികരിച്ചു. ഇതിനിടയില്‍ ലൂസി ലെറ്റ്ബി തന്റെ പരിചരണത്തിലുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തപ്പോള്‍ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ നഴ്‌സിങിന്റെ ചുമതലയുണ്ടായിരുന്നു സീനിയര്‍ മാനേജര്‍ അലിസണ്‍ കെല്ലിയെ സസ്‌പെന്‍ഡ് ചെയ്തു. അലിസണ്‍ കെല്ലിയും മറ്റ് മാനേജര്‍മാരും ലൂസി ലെറ്റ്ബിയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതായി ആരോപണമുയര്‍ന്നിരുന്നു. അഞ്ച് ആണ്‍കുഞ്ഞുങ്ങളേയും രണ്ട് പെണ്‍കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് ലൂസി ലെറ്റ്ബിയാണെന്ന് ചെഷെയര്‍ പൊലീസ് അന്വേഷണത്തിലാണ് കണ്ടെത്തിയത്. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലൂസി ലെറ്റ്ബി 2015 -16 കാലയളവിലാണ് രാത്രി ജോലിക്കിടെ കൊലപാതകങ്ങള്‍ നടത്തിയത്. ഇന്‍സുലിന്‍ കുത്തിവച്ചും ബലമായി ആവശ്യത്തിലേറെ പാല്‍ കുടിപ്പിച്ചും ഞരമ്പില്‍ വായു കുത്തി വെച്ചും കുഞ്ഞുങ്ങളെ കൊന്നതെന്നാണ് തെളിഞ്ഞിട്ടുള്ളത്.
രോഗമൊന്നുമില്ലാത്ത നവജാതശിശുക്കള്‍ തുടര്‍ച്ചയായി മരിക്കുന്നതു ശ്രദ്ധയില്‍പെട്ട ഡോക്ടര്‍മാര്‍ നടത്തിയ അന്വേഷണമാണ് ലൂസിയുടെ ക്രൂരത പുറംലോകമറിയാന്‍ കാരണമായത്. ഇതില്‍ ലൂസിയുടെ പെരുമാറ്റത്തില്‍ ആദ്യം സംശയം പ്രകടിപ്പിച്ചത് ഡോ. രവി ജയറാമാണ്. ശിശുരോഗ വിദഗ്ദ്ധനായ രവി ജയറാം അടക്കമുള്ള ഡോക്ടര്‍മാര്‍ ഉയര്‍ത്തിയ ആശങ്കകള്‍ ആശുപത്രി അധികൃതരെ അറിയിച്ചുവെങ്കിലും മാനേജ്‌മെന്റ് ആദ്യം തള്ളിക്കളയുകയാണ് ഉണ്ടായത്. എന്നാല്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ സംശയങ്ങളില്‍ ഉറച്ചു നിന്നതോടെ 2016 ഡ്യൂട്ടിയില്‍ നിന്ന് ലൂസി ലെറ്റ്ബിയെ മാറ്റി നിര്‍ത്തി. എന്നാല്‍ ഇതിനെതിരെ പരാതി നല്‍കിയ ലൂസി ലെറ്റ്ബിയോട് മാനേജ്‌മെന്റ് നിര്‍ദ്ദേശ പ്രകാരം ഡോക്ടര്‍മാര്‍ക്ക് ക്ഷമാപണം നടത്തേണ്ടി വന്നതായി ആരോപണമുണ്ട്.
ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളുടെ തുടര്‍ച്ചയായ മരണത്തില്‍ ആശങ്ക പ്രകടിപ്പിച്ചതോടെ 2017 ലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തങ്ങളുയര്‍ത്തിയ ആശങ്കകളില്‍ ഉടനെ അന്വേഷണം നടന്നിരുന്നുവെങ്കില്‍ മൂന്നോളം കുഞ്ഞുങ്ങളെയെങ്കിലും രക്ഷിച്ചെടുക്കാമായിരുന്നുവെന്ന് ഡോ. രവി ജയറാം പിന്നീട് പ്രതികരിച്ചു.
അറസ്റ്റിനു ശേഷം ലൂസിയുടെ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 'ഞാന്‍ കുഞ്ഞുങ്ങളെ നോക്കാന്‍ പ്രാപ്തയല്ല. അതിനാല്‍ കൊലപ്പെടുത്തി. ഞാന്‍ പിശാചാണ്' എന്നു ലൂസി തന്നെ എഴുതിവച്ച രേഖകള്‍ കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ലൂസി തുടര്‍ച്ചയായി നിരീക്ഷിക്കുന്നതായും പൊലീസ് കണ്ടെത്തി. എന്നാല്‍ ഇത്തരമൊരു ക്രൂര കൃത്യത്തിന് ലൂസി ലെറ്റ്ബിയെ പ്രേരിപ്പിച്ചത് എന്തെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല.
കൂടുതല്‍ വായനയ്ക്ക്:
ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ ബ്രിട്ടനിലെ നഴ്‌സ് കുറ്റക്കാരി; നിർണായകമായത് സ്വന്തം എഴുത്തുകൾ; ഇനി ജീവിതകാലം മുഴുവൻ ജയിലിൽ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.