ന്യൂഡല്‍ഹി: വംശീയ കലാപത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ച മണിപ്പൂരിലെ ജനങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്ന് സുപ്രീം കോടതി നിയോഗിച്ച മുന്‍ വനിതാ ജഡ്ജിമാരുടെ സമിതി റിപ്പോര്‍ട്ട് നല്‍കി.
കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനര്‍നിര്‍മിച്ച് നല്‍കണം, നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണം, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി അതത് മേഖലയിലെ വിദഗ്ധരെ നിയമിക്കണം, ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ നഷ്ടമായവര്‍ക്ക് അവ വീണ്ടും നല്‍കണം എന്നിവയാണ് റിപ്പോര്‍ട്ടിലെ മുഖ്യ നിര്‍ദേശങ്ങള്‍.
സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നിര്‍ദേശങ്ങളടങ്ങിയ ഉത്തരവ് ഈ മാസം 25 ന് ഇറക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ദുരിതാശ്വാസം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങള്‍ പരിശോധിക്കാന്‍ ഓഗസ്റ്റ് ഏഴിനാണ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച മൂന്ന് വനിതാ ജഡ്ജിമാരുടെ സമിതിയുണ്ടാക്കിയത്. ക്രിമിനല്‍ കേസുകളിലെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ മഹാരാഷ്ട്രയിലെ മുന്‍ പോലീസ് മേധാവി ദത്താത്രേയ പട്സാല്‍ഗിക്കറിനെയും സുപ്രീം കോടതി നിയോഗിച്ചിരുന്നു.
ജമ്മു കാശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍ അധ്യക്ഷയും ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ശാലിനി ഫന്‍സാല്‍ക്കര്‍ ജോഷി, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജിയും മലയാളിയുമായ ജസ്റ്റിസ് ആശ മേനോന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതി മൂന്ന് റിപ്പോര്‍ട്ടുകളാണ് സുപ്രീം കോടതിക്ക് നേരിട്ട് നല്‍കിയത്.
സമിതിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ചില കാര്യങ്ങള്‍ ആവശ്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഭരണപരമായ നടപടികള്‍ക്കുള്ള സൗകര്യങ്ങള്‍, ചിലവിനുള്ള ഫണ്ട്, സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരം നല്‍കാന്‍ വെബ് പോര്‍ട്ടല്‍ സ്ഥാപിക്കല്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറാക്കല്‍ എന്നിവ ആവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.