കോടതി വിധിക്ക് പുല്ലുവില; സിപിഎം ശാന്തന്‍പാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിര്‍മാണം തകൃതി

കോടതി വിധിക്ക് പുല്ലുവില; സിപിഎം ശാന്തന്‍പാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിര്‍മാണം തകൃതി

ഇടുക്കി: കോടതി വിധിയെ വെല്ലുവിളിച്ച് സിപിഎം ശാന്തന്‍പാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിര്‍മാണം തകൃതി. കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നതാണ് പ്രാദേശിക സിപിഎം നേതാക്കളുടെ ന്യായീകരണം.

രാത്രിയിലും നിര്‍മാണം തുടരുകയാണ്. ചട്ടം ലഘിച്ച് ഇടുക്കിയില്‍ നിര്‍മ്മിക്കുന്ന സിപിഎം ഓഫീസുകളുടെ നിര്‍മാണം ഇന്ന് തന്നെ നിര്‍ത്തിവെക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.

ശാന്തന്‍പാറ, ബൈസണ്‍വാലി എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണമാണ് ഡിവിഷന്‍ ബഞ്ച് വിലക്കിയത്. ഉത്തരവ് നടപ്പാക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ശാന്തന്‍പാറയില്‍ ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ 2022 നവംബര്‍ 25 ശാന്തന്‍പാറ വില്ലേജ് സെക്രട്ടറി കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് മൂന്ന് നില കെട്ടിടം പണം അവസാന ഘട്ടത്തിലാണ്. ബൈസണ്‍വാലിയില്‍ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി.

രണ്ടിടത്തെയും ചട്ട ലംഘനം ചൂണ്ടികാട്ടി സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിയൊന്നും ഉണ്ടായില്ല. ചട്ട ലംഘനം ചൂണ്ടികാട്ടിയുള്ള മാധ്യമ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍മ്മാണ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെപ്പിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്.

ഇതിനായി പോലീസ് സംരക്ഷണം വേണമെങ്കില്‍ തേടാമെന്നും ആവശ്യമായ സുരക്ഷ ഒരുക്കാന്‍ പൊലീസ് മേധാവിക്കും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിന്‍ ബഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെങ്കില്‍ അത്തരം കെട്ടിടത്തിന് കെട്ടിട നമ്പറോ, കൈവശാവകാശ രേഖയോ നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.