രണ്ട് വിമാനങ്ങള്‍ക്ക് ഒരേ സമയം ലാന്‍ഡിങ്ങിനും ടേക്ക്ഓഫിനും അനുമതി; വനിതാ പൈലറ്റിന്റെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

 രണ്ട് വിമാനങ്ങള്‍ക്ക് ഒരേ സമയം ലാന്‍ഡിങ്ങിനും ടേക്ക്ഓഫിനും അനുമതി; വനിതാ പൈലറ്റിന്റെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

ന്യൂഡല്‍ഹി: വനിത പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച ഒഴിവായത് വന്‍ദുരന്തം. വിസ്താരയുടെ രണ്ട് വിമാനങ്ങള്‍ക്ക് ഒരേ റണ്‍വേയില്‍ ഒരേ സമയം ലാന്‍ഡിങ്ങിനും ടേക്ക്ഓഫിനും അനുമതി നല്‍കിയതാണ് പ്രശ്‌നത്തിന് കാരണം.

ഇരു വിമാനങ്ങളിലുമായി 300 ഓളം യാത്രക്കാരുണ്ടായിരുന്നു. തലനാരിഴക്കാണ് അപകടം ഒഴിവായത്. ഇരുവിമാനങ്ങള്‍ക്കുമിടയില്‍ 1.8 കിലോമീറ്റര്‍ അകലം മാത്രമാണ് ഒരുവിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കുമ്പോള്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം.

29 ആര്‍ റണ്‍വേയിലിറങ്ങിയ അഹമ്മദാബാദ്-ഡല്‍ഹി വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളി (എടിസി)ന്റെ നിര്‍ദേശമനുസരിച്ച് 29ആര്‍ റണ്‍വേ ക്രോസ് ചെയ്ത് പാര്‍ക്കിങ് ബേയിലേക്ക് നീങ്ങി. അതേസമയത്ത് തന്നെ ഡല്‍ഹി-ബഗ്ദോഗ്ര വിമാനത്തിന് 29 ആര്‍ റണ്‍വേയിലൂടെ ടേക്ക് ഓഫിനുള്ള അനുമതി നല്‍കിയിരുന്ന കാര്യം എടിസി വിട്ടുപോയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു.

അഹമ്മദാബാദ്-ഡല്‍ഹി വിമാനത്തില്‍ നിന്ന് ഉടനടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശത്തില്‍ പിഴവ് പറ്റിയ കാര്യം തിരിച്ചറിഞ്ഞ എടിസിയുടെ നിര്‍ദേശമനുസരിച്ച് ഡല്‍ഹി-ബഗ്ദോഗ്ര വിമാനത്തിന്റെ ടേക്ക് ഓഫ് ടവര്‍ കണ്‍ട്രോളര്‍ റദ്ദാക്കി.

അഹമ്മദാബാദ്-ഡല്‍ഹി വിമാനത്തിന്റെ പൈലറ്റ് നാല്‍പത്തഞ്ചുകാരി സോനു ഗില്ലിന്റെ ഇടപെടലാണ് വലിയ അപകടം ഒഴിവാകാന്‍ കാരണം. യാത്ര റദ്ദാക്കിയ ഡല്‍ഹി-ബഗ്ദോഗ്ര വിമാനം ഉടനെ തന്നെ പാര്‍ക്കിങ് ബേയിലേക്ക് മാറ്റി. അടുത്ത ടേക്ക് ഓഫിനും യാത്രയ്ക്കും സജ്ജമാകാനുള്ള ഇന്ധനം വിമാനത്തിലുണ്ടെന്ന് ഉറപ്പുവരുത്താന്‍ കൂടിയാണ് വിമാനം പാര്‍ക്കിങ് ബേയിലേക്ക് മാറ്റിയത്. വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ അല്‍പനേരം പരിഭ്രാന്തിയാലായി.

ഡല്‍ഹി വിമാനത്താവളത്തിന്റെ പെരുമാറ്റച്ചട്ടം അനുസരിച്ച് വിമാനത്തിന്റെ ടേക്ക് ഓഫ്, ലാന്‍ഡിങ് അവസരങ്ങളില്‍ റണ്‍വേയിലൂടെ മറ്റൊരു വാഹനത്തിന്റേയോ വിമാനത്തിന്റേയോ സഞ്ചാരം അനുവദിക്കുകയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.