കാഴ്ചയുള്ളവർക്ക് പ്രചോദനമായി കാഴ്ചയില്ലാത്ത കൊച്ചേട്ടൻ

കാഴ്ചയുള്ളവർക്ക് പ്രചോദനമായി കാഴ്ചയില്ലാത്ത കൊച്ചേട്ടൻ

പത്തനംതിട്ട: കാഴ്ചയില്ലാത്തവൻ കണ്ണില്ലാതെ കാണുന്ന അത്ഭുത പ്രതിഭാസം. കഴ്ച്ചയുള്ളവരെ വെല്ലുന്ന സ്വയം പര്യാപ്തത. വീട്ടിലേക്കുള്ള ദൂരം 'അടി'കണക്ക്; നീളവും വീതിയും കൈകൊണ്ട് അളന്നു നോക്കി, ഏതു നോട്ടാണെന്നു തിട്ടപ്പെടുത്തുന്ന നൈപുണ്യം; പത്തനംത്തിട്ട ജില്ലയിലെ വള്ളിക്കോട് ഗ്രാമത്തിലെ സുധാകരക്കുറുപ്പ് എന്ന കാഴ്ച ശക്തിയില്ലാത്ത കച്ചവടക്കാരൻ . അറുപത്തൊമ്പതുകാരനായ അയാൾ നാട്ടുകാരുടെ 'കൊച്ചേട്ടനാ'ണ്. കഴിഞ്ഞ നാല്പത്തിയാറു വർഷമായി സ്വന്തമായി കടനടത്തുന്നു അന്ധനായ സുധാകര കുറുപ്പ്.

പതിനാലാമത്തെ വയസിൽ ഗ്ലോക്കോമ വന്നു കാഴ്ച മങ്ങിത്തുടങ്ങിയ അദ്ദേഹത്തിന്റെ കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെടുന്നത് ഇരുപത്തിയൊന്നാം വയസിൽ. ഒമ്പതാം ക്ലാസ് വരെ പഠനം പൂർത്തിയാക്കാനായി സുധാകര കുറുപ്പിന്. ഇരുപത്തിയൊന്നാം വയസിൽ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഒരു ഓപ്പറേഷൻ വഴിപോലും കാഴ്ച തിരിച്ച് കിട്ടില്ല എന്ന് ഡോക്ടർമാർ വിധി എഴുതി. അതേത്തുടർന്ന് വീട്ടിലേക്കു മടങ്ങിയ കുറുപ്പിന് ജീവിതം വഴിമുട്ടിയതായി തോന്നി. എന്നാൽ തന്റെ കുടുംബത്തിന് ഒരു ഭാരമാകില്ല എന്ന് തീരുമാനമെടുത്തു.

കാഴ്ച നഷ്ടപ്പെട്ട സുധാകരകുറുപ്പിന് ജീവിതത്തിൽ ഒരു തൊഴിൽ കണ്ടെത്താൻ സഹായിച്ചത് സ്വന്തം അപ്പൻ തന്നെയായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് കണക്കിൽ താല്പര്യം പ്രകടിപ്പിച്ചിരുന്ന കുറുപ്പ്, വലുതാകുമ്പോ കട നടത്തണം എന്ന് പറയുമായിരുന്നു. ഇത് മനസ്സിൽ വച്ചുകൊണ്ടാണ് ഒരു കട തുടങ്ങാനുള്ള സൗകര്യം അപ്പൻതന്നെ ചെയ്തുകൊടുത്തത്. കഴിഞ്ഞ 46 വർഷമായി ഈ കട നടത്തികൊണ്ടു പോകുകയാണ് ഈ അറുപത്തത്തൊമ്പതുകാരൻ.കടയിലെ ഓരോ സാധനങ്ങളും കൃത്യമായി വച്ചിരിക്കുന്നത് സുധാകര കുറുപ്പ് തന്നെയാണ്. വർഷങ്ങളായി കടയിലുള്ള എല്ലാ സാധനങ്ങളും വച്ചിരിക്കുന്നത് ഒരേ സ്ഥലത്ത് തന്നെ . കടയിൽ സാധനം വാങ്ങാൻ വരുന്നവരുടെ കൈയിൽനിന്നും കാശ് വാങ്ങുന്നതും ബാക്കി കൃത്യമായി കൊടുക്കുന്നതും കുറുപ്പ് തന്നെ. നോട്ടുകളുടെ നീളവും വീതിയും കൈകൊണ്ട് അളന്നു ഏതു നോട്ടാണെന്നു തിട്ടപ്പെടുത്തുന്ന കൊച്ചേട്ടന് നോട്ടു നിരോധന സമയത്ത്, നോട്ടുകൾ മാറിയത് ഒരു വെല്ലുവിളിയായി എന്ന് പറയുന്നു. നടക്കാനായി വടിയുടെ സഹായം ഇല്ല. ചെരുപ്പ് ഉപയോഗിക്കാറുമില്ല. രാത്രിയിൽ ഉറങ്ങുന്നത് കടയിൽത്തന്നെ. നാട്ടുകാർക്ക് ആവശ്യമെങ്കിൽ ഏതു പാതിരാത്രിക്കും കൊച്ചേട്ടന്റെ കടയിൽ വരാം, സാധനങ്ങൾ വാങ്ങാം. തന്റെ മരണം വരെ തന്നെ സ്നേഹിക്കുന്ന കുടുംബാംഗങ്ങൾക്ക് ഭാരമാകാതെ സ്വന്തം കാലിൽ നിൽക്കണമെന്നാണ് നാട്ടുകാരുടെ കൊച്ചേട്ടന്റെ ആഗ്രഹം.

രണ്ടു കണ്ണിനും കാഴ്ചയുള്ളവർ ജീവിതത്തെ നോക്കി പകച്ചു നിൽക്കുമ്പോൾ, സുധാകര കുറുപ്പ് എല്ലാവർക്കും ഒരു പ്രചോദനമായി വേറിട്ട് നിൽക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.