സഞ്ജയ് കുമാര്‍ മിശ്ര ഇനി ഇഡിയ്ക്ക് മുകളില്‍; സിഐഒ എന്ന പുതിയ പദവി സൃഷ്ടിക്കാനൊരുങ്ങി കേന്ദ്രം

സഞ്ജയ് കുമാര്‍ മിശ്ര ഇനി ഇഡിയ്ക്ക് മുകളില്‍; സിഐഒ എന്ന പുതിയ പദവി സൃഷ്ടിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ( സിഐഒ) എന്ന പേരില്‍ പുതിയ പദവി സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അന്വേഷണ ഏജന്‍സികളായ സിബിഐ, എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുകയായിരിക്കും ഈ പദവിയുടെ ഉത്തരവാദിത്വം.

ഇഡി മേധാവി സ്ഥാനത്ത് നിന്ന് ഇറങ്ങിയ സഞ്ജയ് കുമാര്‍ മിശ്രയായിരിക്കും ഈ പദവിയിലേയ്ക്ക് ആദ്യം എത്തുകയെന്നാണ് സൂചന. കര, നാവിക വ്യോമ സേനാ മേധാവികള്‍ക്ക് മുകളില്‍ സംയുക്ത സേനാ മേധാവി (സിഡിഎസ്) പദവി രൂപീകരിച്ചതിന് സമാനമായ നീക്കമാണിത്.

2019ലാണ് മോഡി സര്‍ക്കാര്‍ ചീഫ് ഡിഫന്‍സ് എന്ന തസ്തിക സൃഷ്ടിച്ചത്. മൂന്ന് സേനാവിഭാഗങ്ങളുടെയും മേധാവിമാര്‍ സിഡിസിനോടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ പദവി നിലവില്‍ വരുന്നതോടെ സിബിഐയുടെയും ഇഡിയുടെയും മേധാവിമാര്‍ സിഐഒയോട് ആയിരിക്കും റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുക. ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് നേരിട്ടായിരിക്കും റിപ്പോര്‍ട്ട് ചെയ്യുകയെന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഇഡിയുടെയും സിബിഐയുടെയും അന്വേഷണ മേഖലകള്‍ പലപ്പോഴും ഇടകലര്‍ന്ന് കിടക്കുന്നുയെന്നതിനാലാണ് സര്‍ക്കാര്‍ ഇത്തരമൊരു തസ്തിക സൃഷ്ടിക്കുന്നതെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.