പൊരുതിത്തോറ്റ് പ്രഗ്നാനന്ദ; മാഗ്നസ് കാൾസന് ചെസ് ലോകകപ്പ് കിരീടം

പൊരുതിത്തോറ്റ് പ്രഗ്നാനന്ദ; മാഗ്നസ് കാൾസന് ചെസ് ലോകകപ്പ് കിരീടം

ബകു: ഫിഡെ ചെസ് ലോകകപ്പിൽ നോർവെയുടെ മാഗ്നസ് കാൾസന് കിരീടം. അത്യന്തം വാശിയേറിയ ഫൈനലിൽ ടൈ ബ്രേക്കറിലാണ് ഇന്ത്യയുടെ കൗമാര വിസ്മയം പതിനെട്ടുകാരനായ പ്രഗ്നാനന്ദയെ കാൾസൻ തോൽപ്പിച്ചത്. ഫൈനലിലെ ആദ്യ രണ്ട് ഗെയിമുകളും സമ നിലയിൽ കലാശിച്ചതോടെയാണ് മത്സരം ടൈ ബ്രേക്കറിലേക്ക് നീണ്ടത്. ടൈ ബ്രേക്കിൽ സമയത്തെ അടിസ്ഥാനമാക്കിയുള്ള അതിവേഗ ശൈലിയായ റാപ്പിഡാണ് നടന്നത്.

ടൈ ബ്രേക്കറിലെ ആദ്യ ഗെയിമിൽ കറുത്ത കരുക്കളുമായാണ് കാൾസൻ കളിച്ചത്. തന്ത്രപരമായ നീക്കത്തോടെ അദ്ദേഹം ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ കൂടുതൽ സമ്മർദ്ദത്തിലായി. അതുകൊണ്ടു തന്നെ പ്രതിരോധത്തിലൂന്നിയാണ് പ്രഗ്നനന്ദ കളിച്ചത്. ഗെയിം സമനിലയിലായതോടെ കാൾസൻ വിജയം സ്വന്തമാക്കുകയായിരുന്നു. ടൈബ്രേക്കറിൽ ഒന്നര പോയിൻറ് നേടിയാണ് കാൾസൻ ചെസിൽ ആദ്യ ലോകകപ്പ് കിരീടം നേടുന്നത്.

ആദ്യ രണ്ട് ഗെയിമുകളിലും ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനെ സമനിലയിൽ തളക്കാൻ പ്രഗ്നാനന്ദക്ക് കഴിഞ്ഞിരുന്നു. രണ്ടാം ഗെയിമിൽ 30 നീക്കങ്ങൾക്കൊടുവിൽ ഇരുവരും സമനില അംഗീകരിക്കുകയായിരുന്നു. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ഇന്ത്യക്കാരനാണ് പ്രഗ്നാനന്ദ. ലോകകപ്പിൽ ഇതാദ്യമായാണ് പ്രഗ്നാനന്ദയും കാൾസനും നേർക്കുനേർ വന്നത്. ചെസിൽ അഞ്ച് തവണ ലോകചാംപ്യനായ താരമാണ് മാഗ്നസ് കാൾസൻ.

പ്രഗ്നാനന്ദയുടെ ചെസ് യാത്രയിൽ ഒപ്പം നടന്നത് അമ്മ



ചെസ് ലോകകപ്പിൽ പ്രഗ്നാനന്ദയുടെ കുതിപ്പിനു പിന്നാലെ മത്സരവേദികളിൽ മകനു കൂട്ടിരിക്കുന്ന അമ്മ നാഗലക്ഷ്മിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഏതുനേരവും ടിവിക്കു മുന്നിൽ ഇരിക്കുന്നത് പഠനത്തിലെ ശ്രദ്ധ നഷ്ടപ്പെടാൻ കാരണമാകുമെന്നു തോന്നിയപ്പോഴാണ് രമേഷ് ബാബുവും ഭാര്യ നാഗലക്ഷ്മിയും തങ്ങളുടെ മൂത്ത മകൾ വൈശാലിയെ ചെസ് പഠിക്കാൻ അയച്ചത്. ചേച്ചിക്കൊപ്പം നേരംപോക്കിനാണ് കുഞ്ഞു പ്രഗ്നാനന്ദ ആദ്യം ചെസ് കളി തുടങ്ങുന്നത്. പിന്നീട് ചെസിൽ അവനുള്ള താൽപര്യം കണ്ടതോടെയാണ് പ്രഗ്ഗയെ ടൂർണമെന്റുകളിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുന്നത്.

പ്രഗ്നാനന്ദ രണ്ടര വയസിലെ ചെസ്സ് ബോർഡുമായി പരിചിതനാണ്. പിന്നീട് ആർ.ബി.രമേശിന് കീഴിൽ പരിശീലനം ആരംഭിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ തന്റെ അസാമാന്യമായ പ്രകടനം കൊണ്ട് പരിശീലകരെ അത്ഭുതപെടുത്തിയ പ്രഗ്നാനന്ദ വൈകാതെ തന്നെ സംസ്ഥാന തലത്തിലും ദേശീയതലത്തിലും ശ്രദ്ധ നേടി. ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോൾ ലോകചെസ് കിരീടം നേടി ആ ബാലൻ ലോകത്തെ മുഴുവൻ ഞെട്ടിച്ചു.

പ്രഗ്നാനന്ദയുടെ ചെസ് യാത്രയിൽ ഒപ്പം നടന്നത് അമ്മ നാഗലക്ഷ്മിയാണ്. ടിഎൻഎസ്‌സി ബാങ്ക് മാനേജരായ രമേഷ്ബാബു പോളിയോ രോഗബാധിതനാണ്. സഹോദരി വൈശാലിയുടെ ടെലിവിഷൻ പ്രേമം അധികരിച്ചപ്പോൾ മാതാപിതാക്കൾ ചേർന്ന് കണ്ടെത്തിയ പരിഹാരമായിരുന്നു ചെസ്. പ്രഗ്നാനന്ദയെ മാത്രമല്ല, വൈശാലിയെയും അമ്മ തന്നെയാണ് കൈപിടിച്ച് നടത്തുന്നത്. വൈശാലിയും ഗ്രാൻഡ്‌മാസ്റ്ററാണ്.

2015-ലും ലോക ചെസ് കിരീടം നേടി ചരിത്രം കുറിച്ച പ്രജ്ഞാനന്ദ അതേവർഷം ഗ്രാൻഡ്മാസ്റ്റർ പദവിയും സ്വന്തമാക്കിയിരുന്നു. ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന അപൂർവ റെക്കോഡ് പ്രഗ്നാനന്ദയുടെ പേരിലാണ്. ഗ്രാൻഡ്മാസ്റ്റർ പദവി നേടുമ്പോൾ വെറും 12 വയസ്സും 10 മാസവും 19 ദിവസവും മാത്രമാണ് പ്രഗ്നാനന്ദയുടെ പ്രായം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.