കുഞ്ഞു ജനിച്ച ആദ്യത്തെ ഒന്നുരണ്ട് ആഴ്ചകളിൽ കുഞ്ഞുങ്ങളുടെ ഫീഡിങ്ങിനെക്കുറിച്ച് അമ്മമാർക്ക് ഭയങ്കര ടെൻഷനും പലവിധ സംശയങ്ങളും ഉണ്ടാകാറുണ്ട്. കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുഞ്ഞിന് ആവശ്യത്തിന് പാൽ ലഭിക്കുന്നുണ്ട് എന്ന് എങ്ങനെ അറിയാം എന്നു മാണ് ഞാൻ നിങ്ങളുമായി പങ്കു വെക്കുന്നത്.
കുഞ്ഞു ഉണ്ടായതിനു ശേഷം ആദ്യത്തെ മൂന്നു നാല് ദിവസങ്ങളിൽ അമ്മമാർക്ക് പാൽ വളരെ കുറവായിരിക്കും. ഏകദേശം 30 40 മില്ലി പാല് മാത്രമേ ആദ്യത്തെ മൂന്ന് നാല് ദിവസങ്ങളിൽ ഉണ്ടാവുകയുള്ളൂ. മഞ്ഞ കളറുള്ള കട്ടിയുള്ള ഈ പാലിനെ കൊളസ്ട്രം എന്നാണ് പറയുന്നത്. പ്രോട്ടീൻ ധാരാളമായി അടങ്ങിയ അതോടൊപ്പം തന്നെ രോഗപ്രതിരോധത്തിന് ആവശ്യമായ ഐജി ആൻഡി ബോഡീസ് എല്ലാം ധാരാളം അടങ്ങിയതാണ് ആദ്യത്തെ മൂന്ന് നാല് ദിവസത്തെ മുലപ്പാല്. അതുകൊണ്ട് അമ്മമാർ തീർച്ചയായും ഈ പാലം കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടതാണ്.
കുഞ്ഞു ജനിച്ച ആദ്യ ദിവസങ്ങളിൽ സാധാരണയായി കുഞ്ഞ് കരയുമ്പോൾ ആവശ്യത്തിന് പാല് തികയാതെ വിശന്നിട്ട് ആണ് കുഞ്ഞ് കരയുന്നത് എന്ന് കരുതി പലപ്പോഴും കുപ്പിപ്പാൽ അല്ലെങ്കിൽ തിളപ്പിച്ച വെള്ളം, ഷുഗർ വെള്ളവുമൊക്കെ കൊടുക്കുന്ന ഒരു പതിവുണ്ട്. ഇത് കുഞ്ഞുങ്ങൾക്ക് രോഗത്തിന് ഇടയാക്കുമെന്ന് മാത്രമല്ല പിന്നീട് കുഞ്ഞിന് പാലു കുടിക്കാൻ മടിയാവുകയും ചെയ്യും. സ്വാഭാവികമായി അമ്മയ്ക്ക് മുലപ്പാൽ കുറയുകയും ചെയ്യും.
കുഞ്ഞിന്റെ വിശപ്പ് മാറാനും, ഷുഗർ നിലനിർത്താനും ഈ മുപ്പത് നാല്പത് മില്ലി പാലാണ് ആദ്യത്തെ മൂന്ന് നാല് ദിവസങ്ങളിൽ കുഞ്ഞിനെ ആവശ്യം. അതുകൊണ്ട് വേറെ ഒന്നും ഈ ദിവസങ്ങളിൽ കൊടുക്കരുത്.
എപ്പോഴാണ് മുലപ്പാൽ കൊടുത്തു തുടങ്ങേണ്ടത് ?
കുഞ്ഞ് ജനിച്ച ഉടനെ തന്നെ അമ്മയുടെ അടുത്ത സാന്നിധ്യവും കുഞ്ഞും അമ്മയും തമ്മിലുള്ള പരസ്പരമുള്ള വൈകാരിക ബന്ധത്തിന് വളരെ ആവശ്യമാണ്. നോർമൽ ഡെലിവറി ആണെങ്കിൽ ജനിച്ച ഉടനെ ഡെലിവറി ടേബിളിൽ വച്ച് തന്നെ അമ്മയുടെ നെഞ്ചിലേക്ക് കുഞ്ഞിനെ കിടത്തി പാല് കൊടുത്തു തുടങ്ങാവുന്നതാണ്. അല്ലെങ്കിൽ അര മണിക്കൂറിനുള്ളിൽ എങ്കിലും പാലുകുടിപ്പിക്കണം.
കുഞ്ഞിനെ മാറ്റി കിടത്താതെ അമ്മയുടെ അടുത്തു തന്നെ കിടത്തേണ്ടതാണ്. ഓരോ പ്രാവശ്യവും 20 മിനിറ്റെങ്കിലും തുടർച്ചയായി പാലു കൊടുക്കണം. ഓരോ പ്രാവശ്യവും കുഞ്ഞ് പാല് കുടിക്കുമ്പോഴും ആദ്യം വരുന്നത് പാല് വളരെ കട്ടികുറഞ്ഞ വെള്ളം ധാരാളം ഉള്ള പാലാണ്. ഇത് കുഞ്ഞിന് ദാഹം മാറ്റാൻ ഉള്ളതാണ്. 20 മിനിറ്റ് നേരം പാല് കൊടുത്താൽ ആണ് വളരെ കട്ടിയുള്ള പ്രോട്ടീനും ഫാറ്റും അടങ്ങിയ പാൽ വരുന്നത്.
ഓരോ പ്രാവശ്യം പാലു കൊടുക്കുമ്പോഴും അമ്മമാർ ഒരു ബ്രസ്റ്റിലെ പാൽ ഫുൾ കൊടുക്കേണ്ടത് വളരെ ആവശ്യമാണ്. അത് അല്ലാതെ ഒരു സൈഡ് മാറി കൊടുക്കുമ്പോൾ കുഞ്ഞിനെ ആവശ്യത്തിന് പാൽ കിട്ടാതെ വരികയും സ്വാഭാവികമായി കുഞ്ഞിൻറെ തൂക്കം കുറയുകയും ചെയ്യും. കുഞ്ഞിനെ രണ്ടു മൂന്നു മണിക്കൂർ ഇടവിട്ട് ഉണർത്തി പാല് കൊടുക്കേണ്ട ആവശ്യമില്ല.
കുഞ്ഞിന് തൂക്കം കുറവോ എന്തെങ്കിലും അസുഖമോ ഉണ്ടെങ്കിൽ മാത്രമേ അങ്ങനെ ചെയ്യേണ്ടതുള്ളൂ. അല്ലെങ്കിൽ കുഞ്ഞിന് കരയുമ്പോൾ മാത്രം പാൽ കൊടുത്താൽ മതി. രാത്രിയിലും അങ്ങനെതന്നെ മതിയാകും. കുറച്ചു കഴിയുമ്പോൾ കുഞ്ഞ് ഏകദേശം ഒരേ സമയത്ത് എണീക്കുകയും ഉറങ്ങുകയും ചെയ്ത് തുടങ്ങും. അമ്മമാർക്ക് അതനുസരിച്ച് വീട്ടുജോലികൾ ക്രമീകരിക്കുകയും ചെയ്യാൻ സാധിക്കും.
ഏറെ സമയം പാലിനു വേണ്ടി കരയാൻ ഇടവരുത്തരുത്. കുഞ്ഞ് കരയുമ്പോൾ അതിൻറെ കൂടെ കുറേ വായു വിഴുങ്ങുകയും പിന്നീട് വയറ്റിൽ ഗ്യാസ് നിറഞ്ഞ്, പാലു കൊടുക്കുമ്പോൾ ശർദ്ധിക്കാൻ സാധ്യതയുമുണ്ട്. അതുപോലെതന്നെ കുറെ നേരം കരഞ്ഞിട്ടുണ്ടെങ്കിൽ ക്ഷീണിച്ചു അധികം പാലുകുടിക്കില്ല, പെട്ടെന്ന് ഉറങ്ങിപ്പോകും. കരയുമ്പോൾ കുഞ്ഞിന് സുരക്ഷിതബോധം നൽകുന്നത് കുഞ്ഞിന്റെ മാനസിക വളർച്ചയ്ക്ക് വളരെ അത്യാവശ്യമാണ്.
കുഞ്ഞു ഓരോ പ്രാവശ്യം കരയുന്നത് പാലിനു വേണ്ടി അല്ല. അതുകൊണ്ട് കുഞ്ഞിന് ആവശ്യത്തിനുള്ള പാൽ കിട്ടുന്നുണ്ടോ എന്ന് എന്ന് അറിയേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. അമ്മമാർ പാലു കൊടുക്കുമ്പോൾ മറുവശത്ത് നിന്നു കൂടി പാൽ വരുന്നുണ്ടെങ്കിൽ അതിനർത്ഥം അമ്മയ്ക്ക് ആവശ്യത്തിന് പാൽ ഉണ്ടെന്നാണ്. കുടിച്ചതിനുശേഷം ഏകദേശം രണ്ട് മൂന്ന് മണിക്കൂർ തുടർച്ചയായി കുഞ്ഞ് ഉറങ്ങുന്നുണ്ടെങ്കിൽ കുഞ്ഞിന്റെ വയറു നിറഞ്ഞുവെന്നാണർത്ഥം.
കുഞ്ഞു 24 മണിക്കൂറിൽ ഏകദേശം ഏഴ് പ്രാവശ്യം എങ്കിലും മൂത്രമൊഴിക്കുമെങ്കിൽ ആവശ്യത്തിന് പാല് കിട്ടുന്നുണ്ടെന്നർത്ഥം.
കുഞ്ഞു ജനിച്ച ആദ്യത്തെ 10 ദിവസങ്ങളിലും കുഞ്ഞിന് തൂക്കം സാധാരണ കുറഞ്ഞുവരും. ഏകദേശം പത്ത് ദിവസത്തിനു ശേഷമാണ് കുഞ്ഞിന് തൂക്കം വെച്ചു വരുന്നത്. 14 ദിവസം ആകുമ്പോൾ ജനന ദിവസത്തെ
തൂക്കം വരും. ആദ്യദിവസങ്ങളിൽ തൂക്കം കുറഞ്ഞു വരുന്നത് കാണുമ്പോൾ പാല് തികയാത്തത് കൊണ്ടാണെന്ന് കരുതി പലപ്പോഴും അമ്മമാർ മറ്റു ഭക്ഷണങ്ങൾ കൊടുക്കാറുണ്ട്. അതിൻറെ ആവശ്യമില്ല, ഈ തൂക്കം കുറച്ചിൽ വളരെ നോർമൽ ആണ്.
Dr. Sajana P M MBBS MD
Consultant Pediatrician
Palakkad
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.