കാറ്റടിക്കുമ്പോള്‍ ഉയരുന്നത് മനോഹര സംഗീതം; ഇതാണ് പാട്ടുമരം അഥവാ സിംഗിങ് റിംഗിങ് ട്രീ

കാറ്റടിക്കുമ്പോള്‍ ഉയരുന്നത് മനോഹര സംഗീതം; ഇതാണ് പാട്ടുമരം അഥവാ സിംഗിങ് റിംഗിങ് ട്രീ

പ്രകൃതിയിലെ വിസ്മയങ്ങള്‍ മാത്രമല്ല പലപ്പോഴും മനുഷ്യന്റെ ചില നിര്‍മിതികളും നമ്മെ അതിശയിപ്പിക്കാറുണ്ട്. അത്തരത്തിലൊന്നാണ് സിംഗിങ് റിംഗിങ് ട്രീ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു മരത്തിന്റെ ആകൃതിയിലാണ് ഈ നിര്‍മിതി. കാറ്റടിക്കുമ്പോള്‍ സംഗീതം പൊഴിക്കുന്ന വ്യത്യസ്തമായ ഈ സംഗീതോപകരണം വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നതും.

ഇംഗ്ലണ്ടിലെ ലങ്കാഷെയറിലെ പെന്നൈന്‍ ഹില്‍ റേഞ്ചിലാണ് അപൂര്‍വ്വമായ ഈ നിര്‍മിതി സ്ഥിതി ചെയ്യുന്നത്. പല വീടുകളുടേയും മുന്നില്‍ സ്ഥാപിക്കാറുള്ള വിന്‍ഡ് ചൈമുകളോട് നേരിയ സാദൃശ്യമുണ്ടെങ്കിലും അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഈ സിംഗിങ് റിംഗിങ് ട്രീ.


കാറ്റു വീശുമ്പോള്‍ ഈ സംഗീതോപകരണത്തില്‍ നിന്നും മനോഹരമായ സംഗീതം ഉയരും. അതും ആ പ്രദേശം മുഴുവന്‍ കേള്‍ക്കാവുന്ന തരത്തില്‍. മൂന്ന് മീറ്ററോളം ഉയരമുണ്ട് സിംഗിങ് റിംഗിങ് ട്രീക്ക്. 320- ഓളം സ്റ്റീല്‍ പൈപ്പുകള്‍ പ്രത്യേക രീതിയില്‍ 21 പാളികളായി ക്രമീകരിച്ചാണ് ട്രീ നിര്‍മിച്ചിരിക്കുന്നത്.

കാറ്റ് വീശുമ്പോള്‍ ശബ്ദം ഉണ്ടാകുന്നതിനായി ഗാല്‍വനൈസ്ഡ് സ്റ്റീല്‍ പൈപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അടിവശത്ത് ദ്വാരമിട്ട് പ്രത്യേകം ട്യൂണ്‍ ചെയ്തിട്ടുണ്ട് ഓരോ പൈപ്പുകളും. വാസ്തു ശില്പികളായ മൈക്ക് ടോങ്കിന്‍ അന്ന ലിയു എന്നവര്‍ ചേര്‍ന്നാണ് സിംഗിങ് റിംഗിംങ് ട്രീയുടെ രൂപകല്‍പന.

നിരവധിപ്പേരാണ് തികച്ചും വിത്യസ്തമായ ഈ സംഗീതം അനുഭവിച്ചറിയുന്നതിനായി ലങ്കാഷെയറിലെത്തുന്നത്. അതേസമയം ഈസ്റ്റ് ലെങ്കാഷെയര്‍ എന്‍വയോണ്‍മെന്റല്‍ ആര്‍ട്‌സ് നെറ്റ്വര്‍ക്കിന്റെ ഭാഗമായുള്ള ഒരു പ്രൊജക്ട് പ്രകാരമാണ് ഈ സിംഗിങ് റിംഗിങ് ട്രീ നിര്‍മിച്ചിരിക്കുന്നത്. ലങ്കാഷെയറിന്റെ നവോത്ഥാന ഓര്‍മകളാണ് ഈ നിര്‍മിതിയില്‍ പ്രതിഫലിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.