ദൈവത്തിന്റെ പേരിൽ നടത്തുന്ന കൊലപാതകങ്ങളും ഭീകരവാദവും ന്യായീകരിക്കാതിരിക്കുക: ഫ്രാൻസിസ് മാർപ്പാപ്പയുടെ ട്വിറ്റർ സന്ദേശം

ദൈവത്തിന്റെ പേരിൽ നടത്തുന്ന കൊലപാതകങ്ങളും ഭീകരവാദവും ന്യായീകരിക്കാതിരിക്കുക: ഫ്രാൻസിസ് മാർപ്പാപ്പയുടെ ട്വിറ്റർ സന്ദേശം

ജോസ് വിൻ കാട്ടൂർ‌

വത്തിക്കാൻ സിറ്റി: കൊലപാതകങ്ങളും ഭീകരവാദവും ദൈവത്തിന്റെ പേരിൽ ന്യായീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. മതത്തിന്റെയും വിശ്വാസങ്ങളുടെയും പേരിൽ അതിക്രമങ്ങൾക്ക് ഇരയായവരെ അനുസ്മരിക്കാനായി ഐക്യരാഷ്ട്ര സഭ മാറ്റിവച്ചിരിക്കുന്ന അന്താരാഷ്ട്ര ദിനമായ ഓഗസ്റ്റ് 22-നാണ്, ട്വിറ്റർ സന്ദേശത്തിലൂടെ പാപ്പാ തന്റെ അഭ്യർത്ഥന ആവർത്തിച്ചത്.

പരിശുദ്ധ പിതാവിന്റെ സന്ദേശത്തിന്റെ പൂർണരൂപം ഇപ്രകാരമാണ്: 'വിദ്വേഷവും, അക്രമവും, തീവ്രവാദവും, അന്ധമായ മതഭ്രാന്തും പ്രോത്സാഹിപ്പിക്കുന്നതിനായി മതങ്ങളെ ദുരുപയോഗിക്കുന്നത് നിറുത്തുവാനും കൊലപാതകം, നാടുകടത്തൽ, തീവ്രവാദം, അടിച്ചമർത്തൽ എന്നിവയെ ന്യായീകരിക്കാൻ ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നത് അവസാനിപ്പിക്കുവാനുമുള്ള എൻ്റെ അഭ്യർത്ഥന ഞാൻ പുതുക്കുന്നു.'

സമീപകാലങ്ങളിലായി, ഏതെങ്കിലും വിധത്തിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ പകുതിയിലധികവും വസിക്കുന്നതെന്ന്, പൊന്തിഫിക്കൽ ഫൗണ്ടേഷനായ 'എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് ' പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഈ വിഷയത്തിൽ നിരവധി വർഷങ്ങളായി അന്താരാഷ്ട്ര തലത്തിൽ പഠനങ്ങൾ നടത്തുകയും, അതോടൊപ്പം, മതവിശ്വാസത്തിന്റെ പേരിൽ ആക്രമണങ്ങൾക്ക് ഇരയാകപ്പെടുന്നവർക്ക് സഹായങ്ങൾ എത്തിച്ചു നൽകുകയും ചെയ്യുന്ന സംഘടനയാണ് ഇത്.

മതസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള എല്ലാ മനുഷ്യാവകാശങ്ങളുടെയും ലംഘനങ്ങൾ നടക്കാൻ പ്രഥമ കാരണം, സ്വേച്ഛാധിപതികളുടെയും മതമൗലികവാദികളുടെയും കരങ്ങളിൽ അധികാരം എത്തിച്ചേർന്നതാണെന്ന് 'എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്' ഡയറക്ടർ ഫ്ലോറിയൻ റിപ്ക വത്തിക്കാൻ റേഡിയോയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ പറഞ്ഞു.

ഇസ്ലാമിസ്റ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കാരണം. ആഫ്രിക്കൻ രാജ്യങ്ങളായ ബുർക്കിന ഫാസോ, നൈജർ, മാലി, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിൽ നടക്കുന സംഭവങ്ങൾ ആശങ്കയുളവാക്കുന്നവയാണ്. ബൊക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ഭീകര സംഘടനകളുടെ അനുയായികൾക്കെതിരെ ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ വളരെ ലാഘവത്തോടെയുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്നാമതായി, തീവ്ര ദേശീയ നിലപാടുകളുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളാണ്. അവിടെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച്, ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ കൂടുതൽ മതസ്വാതന്ത്ര്യം ഉണ്ടെന്ന് ഫ്ലോറിയൻ കൂട്ടിച്ചേർത്തു.

ഇവയ്ക്കെല്ലാം പുറമേ 'മാന്യമായ' മതപീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളും ഉണ്ടെന്ന് 'എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് ' പറയുന്നു. മൃദുവായ കൈയ്യുറക്കുള്ളിൽ ഒളിപ്പിച്ച ഉരുക്കുമുഷ്ടിയെന്നപോലെ, വിവാദ നിയമങ്ങളിലൂടെ പ്രത്യേക മതവിഭാഗങ്ങളുടെ സ്വാതന്ത്ര്യം അവർ തടയുന്നു. സാധാരണ നിലയിൽ ഇത്തരത്തിലുള്ള വിവേചനങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകാറില്ല. മതാടിസ്ഥാനത്തിലുള്ള ആക്രമണങ്ങൾ കൂടുതലും ശിക്ഷിക്കപ്പെടാതെ പോവുകയാണ് ഇങ്ങനെയുള്ള രാജ്യങ്ങളിലെ പതിവ്.

മതപീഡനങ്ങൾ നടക്കുന്ന ഭൂരിഭാഗം രാജ്യങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങളാണ് ആക്രമണങ്ങൾക്കു വിധേയരാകുന്നതെങ്കിലും, നൈജീരിയ, നിക്കരാഗ്വ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥിതി അങ്ങനെയല്ല. വികസിത രാജ്യങ്ങളിലാകട്ടെ, സമൂഹ മാധ്യമങ്ങളിലൂടെയാണ് മതവിശ്വാസികൾ ആക്രമണങ്ങൾക്കും ഒറ്റപ്പെടുത്തലുകൾക്കും ഇരയാവുന്നത്.

പരിശുദ്ധ പിതാവിന്റെയും സഭയിലെ മറ്റു നേതാക്കളുടെയും ശ്രമഫലമായി, സമീപ വർഷങ്ങളിൽ മതാന്തര സംവാദങ്ങൾ വർദ്ധിക്കാനിക്കാനിടയായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനമായ 'ഫ്രതേല്ലി തൂത്തി', മറ്റു മതസമൂഹങ്ങളുമായുള്ള ബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതിൽ മാതൃകാപരമായ പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യവും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26