കൊച്ചി: ഏകീകൃത കുര്‍ബാന അര്‍പ്പണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഒന്‍പതംഗ മെത്രാന്‍ സമിതിയെ നിയോഗിച്ച് സീറോ മലബാര്‍ സിനഡ്.
മാര്‍ ബോസ്‌കോ പുത്തൂര്‍ കണ്‍വീനറായ സമിതിയില്‍ ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ സിഎംഐ, മാര്‍ എഫ്രേം നരികുളം, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ അംഗങ്ങളാണ്.
ഇവരില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നുള്ള അഞ്ച് ബിഷപ്പുമാരാണ് ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത്. ചര്‍ച്ചകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഇവയാണ്:
1. എറണാകുളം-അങ്കമാലി അതിരൂപത നിലവില്‍ പൊന്തിഫിക്കല്‍ ഡെലഗേറ്റിന്റെയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെയും കീഴിലായതിനാല്‍ പേപ്പല്‍ ഡെലഗേറ്റ് മുഖേന പരിശുദ്ധ പിതാവിന്റെ സമ്മതത്തോടെ മാത്രമേ പരിഹാരത്തിനുള്ള ഏതു നിര്‍ദേശവും നടപ്പിലാക്കാന്‍ കഴിയൂ.
2. വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണ രീതി നടപ്പിലാക്കുന്നത് സംബന്ധിച്ച് 2022 മാര്‍ച്ച് 25 ലെ കത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്ന ഉദ്‌ബോധനം അനുസരിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ തയ്യാറാകണം.
3. ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി ക്രമാനുഗതമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കത്തീഡ്രല്‍ ബസിലിക്ക, പരിശീലന കേന്ദ്രങ്ങള്‍, സന്യാസ ഭവനങ്ങള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഏകീകൃത രീതിയിലുള്ള കുര്‍ബാനയര്‍പ്പണം ആരംഭിക്കേണ്ടതാണ്.
4. ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ബോധവത്കരണത്തിനായി നിശ്ചിത സമയം ആഗ്രഹിക്കുന്ന ഇടവകകള്‍ കാനോനികമായ ഒഴിവ് (സി.സി.ഇ.ഒ 1538) വാങ്ങേണ്ടതാണ്.
5. ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന വൈദികര്‍ക്കും അപ്രകാരം അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന വൈദികര്‍ക്കും യാതൊരു വിധത്തിലുമുള്ള തടസങ്ങളും സൃഷ്ടിക്കാന്‍ പാടില്ല.
6. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളോ സ്ഥാപനങ്ങളോ സന്ദര്‍ശിക്കുന്ന മെത്രാന്‍മാര്‍ക്ക് വിശുദ്ധ കുര്‍ബാന ഏകീകൃത രീതിയില്‍ അര്‍പ്പിക്കുന്നതിന് തടസമുണ്ടാകരുത്. ഇത്തരം അവസരങ്ങളില്‍ എല്ലാ ഇടവക വൈദികരും അതത് ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഏകീകൃത രീതിയില്‍ അര്‍പ്പിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യേണ്ടതാണ്.
7. വിശുദ്ധ കുര്‍ബാനയര്‍പ്പണങ്ങളില്‍ പരിശുദ്ധ മാര്‍പാപ്പ, മേജര്‍ ആര്‍ച്ച് ബിഷപ്പ്, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരുടെ പേരുകള്‍ അനുസ്മരിക്കേണ്ടതാണ്.
പതിറ്റാണ്ടുകളായി സീറോ മലബാര്‍ സഭയില്‍ ഏകീകൃത രീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനായുള്ള പരിശ്രമം തുടരുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലൊഴികെ മറ്റെല്ലാ രൂപതകളിലും ഏകീകൃത രീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം നടപ്പിലായി.
ഈ വിഷയത്തില്‍ അതിരൂപതയില്‍ രൂപപ്പെട്ട പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വിവിധ തലങ്ങളില്‍ പരിശ്രമിച്ചെങ്കിലും വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സിനഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രശ്‌നപരിഹാരത്തിനുള്ള അവസാന മാര്‍ഗം എന്ന നിലയിലാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ആര്‍ച്ച് ബിഷപ് സിറില്‍ വാസിലിനെ പൊന്തിഫിക്കല്‍ ഡെലഗേറ്റായി നിയമിച്ചത്. എന്നാല്‍ പൊന്തിഫിക്കല്‍ ഡെലഗേറ്റിനോട് നിഷേധാത്മക സമീപനം സ്വീകരിച്ചവര്‍ക്ക് കത്തോലിക്കാ കൂട്ടായ്മയില്‍ തുടരാനാകാത്ത സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.
ഏറെ ദുഖകരമായ ഈ സാഹചര്യത്തില്‍ പരിശുദ്ധ കത്തോലിക്കാ സഭയുടെ കൂട്ടായ്മ ആരും നഷ്ടപ്പെടുത്തരുത്. അതിനായി സീറോ മലബാര്‍ സഭയുടെ സിനഡ് തീരുമാനിച്ചതും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയം അംഗീകരിച്ചതും പരിശുദ്ധ മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചതുമായ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി ഘട്ടം ഘട്ടമായെങ്കിലും നടപ്പിലാക്കാനുള്ള സന്നദ്ധത ബന്ധപ്പെട്ടവര്‍ ശ്ലൈഹീക സിംഹാസനത്തെ അറിയിക്കണമെന്നും പിതാക്കന്‍മാര്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ അഭ്യര്‍ത്ഥിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.