തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കെ.എസ്.ഇ.ബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയിലെ അനിശ്ചിതത്വവും ചര്‍ച്ച ചെയ്യും. വൈകുന്നേരം 3.30 ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്താന്‍ പവര്‍കട്ട് വേണോ വേണ്ടയോ എന്നതാണ് പ്രധാന വിഷയം. ഓണവും പുതുപള്ളി ഉപതിരഞ്ഞെടുപ്പും കണക്കിലെടുത്ത് ഉടന്‍ വൈദ്യുതി നിയന്ത്രണം വേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്.
കേന്ദ്ര വൈദ്യുത നിലയങ്ങളിലെ സാങ്കേതിക തകരാര്‍ മൂലം കേന്ദ്ര വിഹിതത്തിലുണ്ടായ കുറവ് പരിഹരിച്ചെങ്കിലും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നു വില കൂടിയ വൈദ്യുതി വാങ്ങുന്നതു മൂലമുള്ള സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്.
പുറത്തു നിന്ന് 500 മെഗാവാട്ട് വാങ്ങാനുള്ള ടെന്‍ഡര്‍ സെപ്റ്റംബര്‍ നാലിന് തുറക്കുമ്പോള്‍ ന്യായ വിലയ്ക്ക് മതിയായ വൈദ്യുതി ലഭിച്ചാല്‍ മാത്രമേ വരും മാസങ്ങളില്‍ ലോഡ് ഷെഡിങ് ഒഴിവാകൂ.
കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി കേരളത്തില്‍ ഏതാണ്ട് നിലച്ച മട്ടാണ്. കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച രീതിയില്‍ പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ ഗ്രാന്‍ഡ് നഷ്ടപ്പെടുമെന്ന് ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ വിഷയത്തില്‍ എന്തെങ്കിലും ബദല്‍ മാര്‍ഗം സ്വീകരിക്കാന്‍ കഴിയുമോ എന്നതും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.