സ്പീക്കർ ഒരുക്കിയ ഓണ സദ്യയിൽ കല്ലുകടി; പായസവും പഴവും കഴിച്ച് എ.എൻ ഷംസീർ മടങ്ങി

സ്പീക്കർ ഒരുക്കിയ ഓണ സദ്യയിൽ കല്ലുകടി; പായസവും പഴവും കഴിച്ച് എ.എൻ ഷംസീർ മടങ്ങി

തിരുവനന്തപുരം: നിയമസഭാ ജീവനക്കാര്‍ക്കായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഒരുക്കിയ ഓണ സദ്യ പകുതിയോളം പേര്‍ക്കു വിളമ്പിയപ്പോഴേക്കും തീര്‍ന്നു. സദ്യയുണ്ണാന്‍ എത്തിയ സ്പീക്കര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫിനും ഊണ്‍ കിട്ടിയില്ല. 20 മിനിറ്റോളം കാത്തു നിന്ന ശേഷം പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങുകയായിരുന്നു.

1300 പേര്‍ക്കായിരുന്നു സദ്യ ഒരുക്കിയത്. എന്നാല്‍ വിളമ്പാന്‍ സാധിച്ചത് 800 പേര്‍ക്ക് മാത്രം. 1300 പേര്‍ക്ക് സദ്യ നല്‍കാനാണ് ക്വട്ടേഷന്‍ കൊടുത്തത്. കട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജന്‍സി ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതോടെ ക്വട്ടേഷന്‍ അവര്‍ക്ക് നല്‍കുകയായിരുന്നു.

400 പേര്‍ക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയത്. ആദ്യത്തെ പന്തിയില്‍ എല്ലാവര്‍ക്കും സദ്യ ലഭിച്ചു. എന്നാല്‍, രണ്ടാമത്തെ പന്തിയില്‍ പകുതിപ്പേര്‍ക്ക് വിളമ്പിയപ്പോള്‍ തീര്‍ന്നു. ഇതേ സമയത്താണ് സ്പീക്കറും സംഘവും എത്തിയത്. ഇവര്‍ക്കായി കസേര ക്രമീകരിച്ച് ഇലയിട്ടെങ്കിലും 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ എത്തിയില്ല. തുടര്‍ന്ന് സദ്യ കഴിച്ചു കൊണ്ടിരുന്നവരുടെ ഭാഗത്തു നിന്നു പായസവും പഴവും എത്തിച്ചു നല്‍കി. രണ്ടും കഴിച്ച് സ്പീക്കറും സംഘവും ഹാളില്‍ നിന്നും പോകുകയായിരുന്നു.

നിയമസഭാ ജീവനക്കാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡിനും ഇ സഭയുടെ ചുമതലയുള്ള കരാര്‍ ജീവനക്കാര്‍ക്കുമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കലാകായിക മത്സരങ്ങളും അത്തപ്പൂക്കള മത്സരവും അരങ്ങേറി. മുന്‍ കാലങ്ങളില്‍ ജീവനക്കാര്‍ പിരിവെടുത്താണ് നിയമസഭയില്‍ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ ചെലവില്‍ നടത്താന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു.

പുറത്ത് കാത്തുനിന്ന അഞ്ഞൂറോളം പേര്‍ ഇന്ത്യന്‍ കോഫി ഹൗസിലും മറ്റും പോയി വിശപ്പടക്കി. സദ്യ അലങ്കോലമായതിനെക്കുറിച്ച് അന്വേഷിക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.