വയനാട് വാഹനാപകടം: മുഖ്യമന്ത്രിയും സ്പീക്കറും അനുശോചിച്ചു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയെന്ന് ആരോഗ്യമന്ത്രി

വയനാട് വാഹനാപകടം: മുഖ്യമന്ത്രിയും സ്പീക്കറും അനുശോചിച്ചു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയെന്ന് ആരോഗ്യമന്ത്രി

വയനാട്: മാനന്തവാടി കണ്ണോത്തുമലയ്ക്ക് സമീപം തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍ ഷംസീറും അനുശോചനം രേഖപ്പെടുത്തി. വാഹനാപകടത്തില്‍ ഒന്‍പത് പേരാണ് മരിച്ചത്.

സംഭവം അത്യന്തം ദുഖകരമാണെന്ന് മുഖ്യമന്ത്രിയും വേദനാജനകമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറും അറിയിച്ചു. ജീപ്പില്‍ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രി എ. കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനവും ചികിത്സയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദുഖത്തില്‍ പങ്കുചേരുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു. പോസ്റ്റുപോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ഫോറന്‍സിക് സര്‍ജന്‍മാരുടെ സേവനം ഉറപ്പാക്കാനും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. തേയില നുള്ളി തിരികെ വരുന്ന സ്ത്രീകളാണ് അപകടത്തില്‍പ്പെട്ടത്. ജീപ്പില്‍ 14 പേരാണ് ഉണ്ടായിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.