ശാസ്ത്രജ്ഞരുടെ നേട്ടത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നു; ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നേരിട്ടെത്തി പ്രധാനമന്ത്രി

ശാസ്ത്രജ്ഞരുടെ നേട്ടത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നു; ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നേരിട്ടെത്തി പ്രധാനമന്ത്രി

ബെംഗളൂരു: ചന്ദ്രയാൻ 3 ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ബെംഗളൂരുവിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിച്ചത്. എച്ച്.എ.എല്‍ വിമാനത്താവളത്തിനു പുറത്ത് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു.

ശാസ്ത്രജ്ഞരുടെ നേട്ടത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നു. ബ​​ഹിരാകാശ രം​ഗത്തെ ഇന്ത്യൻ നേട്ടത്തിനു പിന്നിൽ ശാസ്ത്രജ്ഞരുടെ സമർപ്പണം. അഭിമാനം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ ആണെന്നും ബംഗ്ലൂരില്‍ നിങ്ങളുടെ മുഖത്ത് കാണുന്ന സന്തോഷം ഗ്രീസിലെ ജനങ്ങളിലും താന്‍ കണ്ടു എന്നും മോഡി പറ‍ഞ്ഞു. ​വിദേശത്തായിരുന്നപ്പോഴും തന്‍റെ മനസ്സ് ചന്ദ്രനൊപ്പമായിരുന്നു.

ശാസ്ത്രജ്ഞര്‍ ഇന്ത്യയുടെ അഭിമാനം കാത്തു. ഇന്ത്യയെ അവര്‍ ചന്ദ്രനില്‍ എത്തിച്ചു. ശാസ്ത്രജ്ഞന്‍മാരുടെ കഠിനാധ്വാനത്തിനും സമർപ്പണത്തിനും സല്യൂട്ട്. ചന്ദ്രയാൻ 3 ഇറങ്ങിയ ചന്ദ്രനിലെ മണ്ണ് ഇനി ശിവ ശക്തി പോയിന്റ്‌ എന്നറിയപ്പെടും. ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങിയ ഓഗസ്റ്റ് 23 ഇനി മുതല്‍ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും.

രാവിലെ 7.30 ഓടെയാണ് പ്രധാനമന്ത്രി ചന്ദ്രയാന്‍ കണ്‍ട്രോള്‍ സ്‌റ്റേഷനിലെത്തിയത്. ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐ.എസ്.ആർ.ഒ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയ സമയത്തായിരുന്നു ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിങ്.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് തത്സമയം ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് വീക്ഷിച്ച മോദി ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചിരുന്നു. ഗ്രീസ് സന്ദര്‍ശനം പൂർത്തിയാക്കിയ ശേഷമാണ് മോഡി ബംഗളൂരുവിൽ എത്തിയത്. ഡൽഹിയിലേക്ക് പോകാതെ നേരിട്ട് ബെംഗളുരുവിലെത്തുകയായിരുന്നു.

കർണാടക മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും ഗവർണറോടും പ്രോട്ടോക്കോൾ പ്രകാരം എത്തേണ്ടതില്ലെന്നും താൻ ശാസ്ത്രജ്ഞരെ കാണാൻ മാത്രം എത്തിയതാണെന്നറിയിച്ചിരുന്നു. കൊച്ചുകുട്ടികൾ പോലും ഇവിടെ എത്തിച്ചേർന്നത് സന്തോഷകരമാണ്. അവരാണ് രാജ്യത്തിന്‍റെ ഭാവിയെന്നും മോഡി അഭിപ്രായപ്പെട്ടു. വിമാനത്താവളത്തിന് പുറത്ത് സജ്ജീകരിച്ച പ്രത്യേക വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് മോഡി ശാസ്ത്രജ്ഞരെ കാണാനായി പോയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.