ജോസ് വിൻ കാട്ടൂർ
വത്തിക്കാൻ സിറ്റി: തലമുറകൾക്ക് വിശ്വാസം പകർന്നു നൽകുന്നതിൽ മാതൃഭാഷയുടെ പ്രാധാന്യം എടുത്തുപറഞ്ഞ് ഫ്രാൻസിസ് പാപ്പ. 'തീക്ഷ്ണതയോടെയുള്ള സുവിശേഷവൽക്കരണം' എന്ന വിഷയത്തെക്കുറിച്ചുള്ള തന്റെ മതബോധന പരമ്പരയുടെ ഭാഗമായാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. 'അമ്മമാരാണ് ആദ്യ സുവിശേഷ പ്രഘോഷകരായി മാറേണ്ടത്'എന്ന കാര്യവും പാപ്പാ അടിവരയിട്ടു പറഞ്ഞു.
ഗ്വാദലൂപെ മാതാവിന്റെ മാതൃക ചൂണ്ടിക്കാണിച്ചു കൊണ്ടാണ്, ഒരാളുടെ മാതൃഭാഷയിൽത്തന്നെ വിശ്വാസം കൈമാറി നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിശുദ്ധ പിതാവ് വിശദീകരിച്ചത്. പരിശുദ്ധ മറിയം, ആ നാട്ടിലെ ജനങ്ങളുടെ വസ്ത്രധാരണരീതി സ്വീകരിച്ച്, അവരുടെ മാതൃഭാഷയിൽ സംസാരിച്ചു കൊണ്ടാണ് ജുവാൻ ഡീഗോക്ക് പ്രത്യക്ഷപ്പെട്ടത്. ഇതിനു വിരുദ്ധമായി, അവിടെ അക്കാലത്ത്, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് തിടുക്കത്തോടെയായിരുന്നു സുവിശേഷവൽക്കരണം നടന്നുവന്നിരുന്നത്. തദ്ദേശീയ ജനതയോടുള്ള ആദരവ് പാലിക്കാതെയും അവരുടെ സംസ്കാരത്തിൽ നിന്ന് വിഭിന്നമായ രീതിയിലുമായിരുന്നു അത്.
മറിയം നമ്മുടെ അമ്മയാണ്, അവളുടെ മേലങ്കിക്കുള്ളിൽ അവളുടെ എല്ലാ മക്കളും അഭയം കണ്ടെത്തുന്നു. അവളിലൂടെ ദൈവം മനുഷ്യനായി. അവളിലൂടെത്തന്നെ അനേകം ആളുകളിൽ അവിടുന്ന് ഇന്നും മാംസം ധരിക്കുന്നു. ദൈവത്തെ പ്രഘോഷിക്കാനായി മറിയം ആ നാട്ടിലെ ജനങ്ങളുടെ മാതൃഭാഷയാണ് തെരഞ്ഞെടുത്തതെന്ന് പാപ്പാ പറഞ്ഞു.
മക്കൾക്കും പേരക്കുട്ടികൾക്കും ജീവനോടൊപ്പം വിശ്വാസവും പകർന്നു നൽകുന്ന എല്ലാ അമ്മമാർക്കും മുത്തശ്ശിമാർക്കും പരിശുദ്ധ പിതാവ് പ്രത്യേകം നന്ദി പറഞ്ഞു. കാരണം, അമ്മമാരാണ് ആദ്യ സുവിശേഷ പ്രഘോഷകരാകുന്നത് - പാപ്പാ പറഞ്ഞു.
സംസ്കാരങ്ങളെ സുവിശേഷ വൽക്കരിക്കുക
പരിശുദ്ധ അമ്മയിൽ നിന്നു സന്ദേശം ലഭിക്കുന്നതിനു മുമ്പു തന്നെ ജുവാൻ ദിയാഗോ വിവാഹിതനായിരുന്നു, ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തിരുന്നു. സഭാധികാരികളിൽ നിന്നുപോലും എതിർപ്പുകൾ ഉണ്ടായെങ്കിലും, അമ്മ തന്നെ ഏൽപ്പിച്ച ദൗത്യം സ്ഥിരോത്സാഹത്തോടെ നിറവേറ്റുന്നതിൽ അദ്ദേഹം വിജയിച്ചു. സുവിശേഷത്തെ സംസ്കാരങ്ങൾക്ക് അനുരൂപമാക്കുന്നതിലും, അങ്ങനെ സംസ്കാരങ്ങളെ സുവിശേഷ വൽക്കരിക്കുന്നതിലും ഇതേ ശുഷ്കാന്തി ഇന്നും തുടരണം. എതിർപ്പുകളെ ഭയപ്പെടാതെ ക്ഷമയോടെയും സ്ഥിരതയോടെയുമാണ് ഇത് നിർവ്വഹിക്കേണ്ടത്.
അസാധാരണവും എന്നാൽ ജീവസ്സുറ്റതുമായ തന്റെ ചിത്രം വിശുദ്ധന്റെ 'ടിൽമ' അഥവാ മേലങ്കിയിൽ പതിച്ചുകൊടുത്തുകൊണ്ടാണ്, ജുവാനു നൽകിയ സന്ദേശം പരിശുദ്ധ അമ്മ സ്ഥിരീകരിച്ചത്. സന്മനസും അനുസരണവും ഉള്ളിടത്ത് ദൈവം അത്‌ഭുതം പ്രവർത്തിക്കും എന്നാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ പ്രതീക്ഷകൾക്കപ്പുറമുള്ള കാര്യങ്ങൾ നിറവേറ്റിത്തരാൻ അവിടുത്തേക്ക് സാധിക്കും.
പാപ്പാ തുടർന്നു: വിശുദ്ധ ജുവാൻ ഡീഗോയുടെ ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്ന മരിയൻ തീർത്ഥാടന കേന്ദ്രങ്ങൾ, ഇന്നും സുവിശേഷ പ്രഘോഷണത്തിന്റെ ഇടങ്ങളായി മാറുന്നത് നമുക്കു കാണാനാകും. അനേകരെ വിശ്വാസത്തിലേക്ക് നയിക്കുന്ന സുന്ദരവും ലളിതവും ജനങ്ങൾ ഇഷ്ടപ്പെടുന്നതുമായ ഇടങ്ങളായി അവ പരിണമിച്ചു കഴിഞ്ഞു. 'കരുണയുടെയും സാന്ത്വനത്തിന്റേതുമായ ഈ മരുപ്പച്ചകളിലേക്ക് നമുക്കും അണയാം. അവിടെ പരിശുദ്ധ അമ്മക്കു മുമ്പിൽ നമ്മുടെ അധ്വാനങ്ങൾ അർപ്പിക്കാം. ഹൃദയ സമാധാനത്തോടെ അവിടെ നിന്ന് ജീവിതങ്ങളിലേക്ക് മടങ്ങാം. കാരണം അവിടങ്ങളിൽ അമ്മയുടെ ഭാഷയിൽ വിശ്വാസം പ്രഘോഷിക്കപ്പെടുന്നു' - ഈ വാക്കുകളോടെ പാപ്പാ തൻറെ സന്ദേശം അവസാനിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.