സമാധാനത്തിന്റെ ശില്‍പികളാവുക; ഭാവിയിലെ വസന്തത്തില്‍ പുഷ്പിക്കാനായി അനുരജ്ഞനത്തിന്റെ വിത്തുകള്‍ വിതയ്ക്കുക: റഷ്യന്‍ യുവജനങ്ങളോട് മാര്‍പ്പാപ്പ

സമാധാനത്തിന്റെ ശില്‍പികളാവുക; ഭാവിയിലെ വസന്തത്തില്‍ പുഷ്പിക്കാനായി അനുരജ്ഞനത്തിന്റെ വിത്തുകള്‍ വിതയ്ക്കുക: റഷ്യന്‍ യുവജനങ്ങളോട് മാര്‍പ്പാപ്പ

ജോസ്‌വിന്‍ കാട്ടൂര്‍

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: സംഘര്‍ഷങ്ങള്‍ക്കു നടുവിലും സമാധാനത്തിന്റെ ശില്‍പികളാകാന്‍ റഷ്യയിലെ യുവജനങ്ങളോട് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം. റഷ്യന്‍ യുവജന ദിനാഘോഷങ്ങളോടനുബന്ധിച്ച്, ഓഗസ്റ്റ് 25-ന് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടത്തിയ കത്തോലിക്കാ യുവജനങ്ങളുടെ 10-ാമത് ദേശീയ സമ്മേളനത്തെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. 'അനുരജ്ഞനത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നവരാക്കുക, യുദ്ധത്തിന്റ തണുത്തുറഞ്ഞ ശൈത്യകാലത്ത് അവ മുളച്ചില്ലെന്നുവരാം, എങ്കിലും ഭാവിയിലെ വസന്തത്തില്‍ അവ തീര്‍ച്ചയായും പുഷ്പിക്കും' - പാപ്പാ അവര്‍ക്ക് പ്രചോദനമേകി.

ദൈവമാതാവിന്റെ നാമധേയത്തിലുള്ള മോസ്‌കോയിലെ കത്തോലിക്കാ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് പാവ്ലോ പെത്സി ആമുഖ പ്രഭാഷണം നടത്തി. മാര്‍പ്പാപ്പയുമായുള്ള ആശയവിനിമയം വഴി സാര്‍വത്രിക സഭയുമായുള്ള ഐക്യത്തിന്റെ പ്രത്യേക സന്തോഷം അനുഭവിക്കാന്‍ അവര്‍ക്ക് ഇടയാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഈ മാസം ആദ്യവാരം ലിസ്ബണില്‍ നടന്ന ലോക യുവജന സമ്മേളനത്തെ അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം തുടങ്ങിയത്. 'ധൈര്യമായിരിക്കുക, ഭയത്തിന്റെ സൂക്ഷിപ്പുകാരാകാതെ, സ്വപ്നങ്ങളുടെ സംരംഭകരാകുവിന്‍' - പാപ്പാ ആഹ്വാനം ചെയ്തു. ലോക യുവജന ദിനത്തിന്റെ മുഖ്യചിന്താവിഷയമായിരുന്ന 'മറിയം തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു' എന്ന വചനത്തെ ഉദ്ധരിച്ച് പാപ്പാ ഇപ്രകാരം പറഞ്ഞു: മറിയത്തെപ്പോലെ നാമും, സഹനങ്ങളുടെ ആധിക്യം മൂലം പ്രതീക്ഷയറ്റ സഹോദരങ്ങളിലേക്ക്, ദൈവം നല്‍കുന്ന ആനന്ദവുമായി തിടുക്കത്തില്‍ കടന്നു ചെല്ലേണ്ടവരാണ്.

ദൈവസ്‌നേഹം എല്ലാവര്‍ക്കുമായുള്ളത്

തന്നെ സമീപിക്കുന്ന ഏവരെയും തുറന്ന ഹൃദയത്തോടെ സ്വീകരിക്കുന്ന അമ്മയെപ്പോലെയാണ് സഭയെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. പാപ്പാ തുടര്‍ന്നു: ദൈവസ്‌നേഹം എല്ലാവര്‍ക്കുമുള്ളതാണ്, അതിനാല്‍ത്തന്നെ, സഭ എല്ലാവര്‍ക്കും അവകാശപ്പെട്ടതുമാണ്. സഭയില്‍ ആരും അധികപ്പറ്റല്ല. അകത്തേക്ക് വരുന്നവരെ മാത്രം തിരഞ്ഞെടുക്കുന്ന രീതിയല്ല സഭയ്ക്കുള്ളത്. സഭയില്‍ പ്രവേശനം സൗജന്യമാണ്. തന്നെ അനുഗമിക്കാനുള്ള യേശുവിന്റെ ക്ഷണം സ്വീകരിക്കുന്ന ഏവനും, ദൈവത്തിനു മുന്നിലുള്ള തന്റെ അവസ്ഥ തിരിച്ചറിയുകയും, സഭയുടെ പ്രബോധനങ്ങളുടെയും കൂദാശകളുടെയും സഹായത്തോടെ അവിടുത്തെ പിഞ്ചെല്ലുകയും ചെയ്യുന്നു.

യുവജനങ്ങളും മുതിര്‍ന്നവരും പരസ്പരം തുറവിയുള്ളവരാകുക

മുതിര്‍ന്നവരും യുവജനങ്ങളും തമ്മിലുള്ള ആശയവിനിമയം നടക്കേണ്ടതിന്റെ പ്രാധാന്യത്തെ പരിശുദ്ധ പിതാവ് ഓര്‍മ്മപ്പെടുത്തി. മുതിര്‍ന്നവരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനും തലമുറകള്‍ തമ്മില്‍ പാലങ്ങള്‍ പണിയുന്നവരാകാനും റഷ്യയിലെ യുവജനങ്ങളെ പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ഒരു ജനതയുടെ ചരിത്രവും സംസ്‌കാരവും സജീവമായി നിലനിര്‍ത്തണമെങ്കില്‍, തലമുറകള്‍ തമ്മില്‍ കൂട്ടായ്മ ആവശ്യമാണ്. മുതിര്‍ന്നവര്‍ ജനാധിപത്യത്തിന്റെ സംരക്ഷണവും രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യവും സ്വപ്നം കാണുമ്പോള്‍, ചെറുപ്പക്കാര്‍ പരിസ്ഥിതിയും സമാധാനവും കെട്ടിപ്പടുക്കുന്ന പ്രവാചകരാകണം. ആയുസ് മുഴുവന്‍ ആര്‍ജിച്ചെടുത്ത ജ്ഞാനത്താല്‍ എലിസബത്ത് മറിയത്തെ ബലപ്പെടുത്തി. മറിയമാകട്ടെ, കൃപയാല്‍ നിറഞ്ഞ് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടു. ഇതായിരിക്കണം നമ്മുടെ മാതൃകയെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.

തന്റെ സന്ദേശം ആരംഭിക്കുന്നതിനു മുമ്പ്, ഏതാനും യുവതീയുവാക്കള്‍ പങ്കുവെച്ച അനുഭവ സാക്ഷ്യങ്ങള്‍ പാപ്പ ശ്രദ്ധയോടെ കേള്‍ക്കുകയും അവയ്ക്ക് മറുപടി നല്‍കുകയും ചെയ്തു. ഓഗസ്റ്റ് 23ന് ആരംഭിച്ച റഷ്യയിലെ കത്തോലിക്കാ യുവജനങ്ങളുടെ സമ്മേളനം 27ന് സമാപിച്ചു. യുവജനങ്ങളോടൊപ്പം വൈദികരും സന്യസ്തരും മെത്രാന്മാരും സമ്മേളനത്തില്‍ പങ്കെടുത്തു. കൂടാതെ, റഷ്യയില്‍ ഉപരിപഠനം നടത്തിവരുന്ന അര്‍മേനിയ, കൊളംബിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.