മുസഫര്‍നഗര്‍ സംഭവം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ച് പൊതുവിദ്യാഭ്യാസ മന്ത്രി

മുസഫര്‍നഗര്‍ സംഭവം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ച് പൊതുവിദ്യാഭ്യാസ മന്ത്രി

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ നടന്ന സംഭവത്തിനെതിരെ അടിയന്തര കര്‍ശന നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. നേഹ പബ്ലിക് സ്‌കൂളില്‍ അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ഈ സംഭവം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന കാര്യം മന്ത്രി ശ്രദ്ധയില്‍പ്പെടുത്തി. നമ്മുടെ മഹത്തായ രാഷ്ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്ത്വങ്ങള്‍ക്ക് വിരുദ്ധമായാണ് സ്‌കൂളില്‍ സംഭവിച്ച കാര്യങ്ങള്‍.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ ഇത്തരം വിഭജനപരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ കാലതാമസം പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ക്കിടയില്‍ ആദരവും ധാരണയും ഐക്യവും വളര്‍ത്തുന്ന ഒരു അന്തരീക്ഷം അവര്‍ക്ക് നല്‍കേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും മന്ത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.