കൊച്ചി: കളമശേരിയില്‍ സംഘടിപ്പിച്ച കാര്‍ഷികോത്സവത്തില്‍ കൃഷി മന്ത്രി പി. പ്രസാദിനെയും വ്യവസായ മന്ത്രി പി. രാജീവിനെയും വേദിയില്‍ ഇരുത്തി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ജയസൂര്യ.
കൃഷിക്കാര്‍ അനുഭവിക്കുന്ന ചെറിയ പ്രശ്‌നങ്ങള്‍ നിസാരമല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ പറഞ്ഞു. സഹപ്രവര്‍ത്തകനും കര്‍ഷകനുമായ നടന്‍ കൃഷ്ണ പ്രസാദിന്റെ അടക്കം ദുരവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ജയസൂര്യയുടെ വിമര്‍ശനം.
സിനിമ പരാജയപ്പെട്ടാല്‍ ഏറ്റവും അവസാനം അറിയുക നായകനായിരിക്കും എന്ന് പറഞ്ഞു കൊണ്ടാണ് ജയസൂര്യ കാര്യങ്ങള്‍ വിശദീകരിച്ചത്. മന്ത്രി നായകനാണെങ്കിലും അറിയുന്നത് വൈകിയായിരിക്കും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയമാണ് നടന്‍ സൂചിപ്പിച്ചത്. മന്ത്രിയെ നോക്കിത്തന്നെയായിരുന്നു വിമര്‍ശനം.
ഓണത്തിന് പട്ടിണി കിടക്കുന്ന മാതാപിതാക്കളെ കണ്ടാല്‍ എങ്ങനെയാണ് പുതുതലമുറ കൃഷിയിലേക്ക് വരിക എന്ന ചോദ്യവും ഉന്നയിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജയസൂര്യ ആവശ്യപ്പെട്ടു.
ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനമാണ് സംസ്ഥാനത്ത് ആദ്യം വേണ്ടത്. താന്‍ ഒരു സ്ഥലത്ത് പോയപ്പോള്‍ അവിടെ ഫസ്റ്റ് ക്വാളിറ്റി അരി ഉണ്ടായിരുന്നു. എന്നാല്‍ അത് കേരളത്തില്‍ വില്‍ക്കുന്നില്ല. പുറത്ത് കൊടുക്കുകയാണ് എന്നാണ് പറഞ്ഞത്.
എന്താണെന്ന് ചോദിച്ചപ്പോള്‍ ഗുണനിലവാര പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ഇവിടെ ഇല്ല എന്നായിരുന്നു മറുപടി എന്നും ജയസൂര്യ പറഞ്ഞു. ഗുണനിലവാര പരിശോധന ഇല്ലാത്തതുകൊണ്ട് തേര്‍ഡ് ക്വാളിറ്റി അരിയും വിഷം അടങ്ങിയ പച്ചക്കറികള്‍ കഴിക്കേണ്ട ഗതികേടിലാണ് നമ്മള്‍ ഇപ്പോള്‍ ഉള്ളത്.
തെറ്റിദ്ധരിക്കരുത്. ഇതൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്. ചിലപ്പോള്‍ ഇതെല്ലാം അങ്ങയുടെ ചെവിയിലേക്ക് എത്താന്‍ സമയമെടുക്കും. അതുകൊണ്ട് മാത്രമാണ് ഇത് പറഞ്ഞത്. ഇവനിതൊക്കെ അകത്തിരുന്ന് പറഞ്ഞാല്‍ പോരെ എന്ന് അദ്ദേഹം വിചാരിക്കും.
എന്നാല്‍ അകത്തിരുന്ന് പറയുമ്പോള്‍ സാറ് കേള്‍ക്കുന്ന ഒരുപാട് പ്രശ്‌നങ്ങളില്‍ ഒരു പ്രശ്‌നം മാത്രമായി മാറും. ഇത്രയും പേരുടെ മുമ്പില്‍ വെച്ച് പറയുമ്പോള്‍ ഗുരുതരമായി തന്നെ വിഷയത്തെ എടുക്കും എന്ന് വിശ്വസിച്ചു കൊണ്ടാണ് ഇത് പറയുന്നതെന്നും ജയസൂര്യ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.