ഇന്ത്യ സഖ്യത്തിന്റെ നിര്‍ണായക യോഗം നാളെ മുംബൈയില്‍; സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമാകും, ആരാകും കണ്‍വീനര്‍?

ഇന്ത്യ സഖ്യത്തിന്റെ നിര്‍ണായക യോഗം നാളെ മുംബൈയില്‍;  സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമാകും, ആരാകും കണ്‍വീനര്‍?

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ)യുടെ മൂന്നാമത് യോഗം നാളെ മുംബൈയില്‍ ചേരും. സഖ്യത്തിന്റെ കണ്‍വീനര്‍ ആരെന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

മുന്നണിയുടെ സീറ്റ് വിഭജനത്തിലും പുതിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തുന്ന കാര്യത്തിലും വിശദമായ ചര്‍ച്ചകള്‍ ഉണ്ടാകും. നിലവില്‍ 26 പാര്‍ട്ടികളുള്ള ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനര്‍ ആരാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പേരിനാണ് മുഖ്യ പരിഗണനയെങ്കിലും കണ്‍വീനര്‍ സ്ഥാനം വേണ്ടെന്ന നിലപാടിലാണ് ജെ.ഡി.യു.

പ്രതിപക്ഷ മുന്നണി മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനം മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖര്‍ഗെയോ അല്ലെങ്കില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവോ കണ്‍വീനര്‍ ആകട്ടെയെന്നും ജെഡിയു വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസും കണ്‍വീനര്‍ സ്ഥാനം വേണ്ടെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.

രാഹുല്‍ ഗാന്ധിയുടെ പേര്് ഈ സ്ഥാനത്തേക്ക് നേരത്തേ പരിഗണിച്ചിരുന്നെങ്കിലും ആംആദ്മി പാര്‍ട്ടി എതിര്‍പ്പുമായി രംഗത്തെത്തിയതോടെ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം തന്നെ ആ നീക്കം ഉപേക്ഷിച്ചിരുന്നു. സഖ്യത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ പല നേതാക്കള്‍ക്കും താല്‍പര്യം ഉണ്ടെങ്കിലും നിധീഷ് കുമാറിനെ തന്നെ മുന്നണിയുടെ കണ്‍വീനറാക്കാനാണ് കോണ്‍ഗ്രസ് അടക്കമുള്ള പല സഖ്യ കക്ഷികളും താല്‍പര്യപ്പെടുന്നത്.

അതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേ നടന്നേക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ വൈകാതെ തന്നെ ആരംഭിക്കാനും നീക്കമുണ്ട്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലെങ്കിലും സീറ്റ് വിഭജനം നേരത്തേ പൂര്‍ത്തിയാക്കണമെന്ന അഭിപ്രായമാണ് പ്രധാന നേതാക്കള്‍ക്കെല്ലാം ഉള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.