തലങ്ങും വിലങ്ങും വീശുന്ന ശക്തമായ കാറ്റുകള്‍, വാതകങ്ങള്‍ തീര്‍ക്കുന്ന നിറച്ചുഴികള്‍: വ്യാഴത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തു വിട്ട് നാസ

തലങ്ങും വിലങ്ങും വീശുന്ന ശക്തമായ കാറ്റുകള്‍, വാതകങ്ങള്‍ തീര്‍ക്കുന്ന നിറച്ചുഴികള്‍: വ്യാഴത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തു വിട്ട് നാസ

ന്യൂയോര്‍ക്ക്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വന്‍ ബഹിരാകാശ പര്യവേഷണ മുന്നേറ്റങ്ങള്‍ നടത്തവേ സൗരയൂഥത്തിലെ ഭീമന്‍ ഗ്രഹമായ വ്യാഴത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തു വിട്ട് നാസ.

വ്യാഴം പര്യവേഷണ ദൗത്യമായ ജൂണോ പകര്‍ത്തിയ ചിത്രങ്ങളാണ് നാസ പുറത്തു വിട്ടത്. വ്യാഴത്തിന്റെ മേഘ പാളികള്‍ക്ക് 23,500 കിലോമീറ്റര്‍ മുകളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണിത്.

വാട്ടര്‍ കളര്‍ ഉപയോഗിച്ച് ചെയ്ത ചിത്രം പോലെ തോന്നുമെങ്കിലും ശക്തമായ കാറ്റുകളാണ് ചിത്രം ഇത്ര മനോഹരമാക്കിയിട്ടുള്ളതെന്നാണ് നാസ വിശദമാക്കുന്നത്. വ്യാഴത്തിന്റെ ഉത്തര ധ്രുവത്തിനോട് ചേര്‍ന്നുള്ള ഭാഗങ്ങളാണ് ചിത്രത്തിലുള്ളത്.

2016 ലാണ് ജൂണോ വ്യാഴത്തിലെത്തിയത്. നീലയും വെള്ളയും കലര്‍ന്ന നിറത്തിലാണ് ചിത്രം. തലങ്ങും വിലങ്ങും വീശുന്ന ശക്തമായ കാറ്റുകള്‍ വലിയ ചുഴികള്‍ പോലുള്ള പാറ്റേണുകളാണ് വ്യാഴത്തിന്റെ ഉപരിതലത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ ലക്ഷക്കണക്കിന് പേരാണ് അവ പങ്കുവച്ചിരിക്കുന്നത്. വ്യാഴത്തില്‍ ഹൈഡ്രജനും ഹീലിയവും മറ്റ് ചില വാതകങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

വ്യാഴത്തിന്റെ അന്തരീക്ഷം, ആന്തരിക ഘടന, കാന്തിക മണ്ഡലം തുടങ്ങിയവയെ കുറിച്ചുള്ള പഠനമാണ് ജൂണോ നടത്തുന്നത്. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം അതിജീവിച്ചാണ് പേടകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

2011 ഓഗസ്റ്റ് അഞ്ചിന്് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തില്‍ നിന്ന് വിക്ഷേപിച്ച ജൂണോ, അഞ്ച് വര്‍ഷം കൊണ്ട് 290 കോടി കിലോമീറ്റര്‍ യാത്ര ചെയ്ത് 2016 ലാണ് വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. റോമന്‍ ദേവനായ ജൂപ്പിറ്ററിന്റെ ഭാര്യ ജൂണോ ദേവതയുടെ പേരാണ് നാസ ഈ ദൗത്യത്തിന് നല്‍കിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.