ഏഷ്യാകപ്പ് 2023: നേപ്പാളിനെതിരെ കൂറ്റന്‍ ജയം കുറിച്ച് പാക്കിസ്ഥാന്‍

ഏഷ്യാകപ്പ് 2023: നേപ്പാളിനെതിരെ കൂറ്റന്‍ ജയം കുറിച്ച് പാക്കിസ്ഥാന്‍

ഉദ്ഘാടന മല്‍സരത്തില്‍ ആധികാരിക ജയം കുറിച്ച് പാക്കിസ്ഥാന്‍. ദുര്‍ബലരായ നേപ്പാളിനെ 238 റണ്‍സിനാണ് പാക്കിസ്ഥാന്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: പാക്കിസ്ഥാന്‍, 50 ഓവറില്‍ 342/6, നേപ്പാള്‍ - 104 ഓള്‍ ഔട്ട് (23.4 ഓവര്‍).

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ പാക്കിസ്ഥാന് തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ബാബര്‍ അസം, റിസ് വാന്‍ സഖ്യം ക്രീസില്‍ നിലയുറപ്പിച്ചു. 44 റണ്‍സെടുത്ത റിസ്വാന്‍ പുറത്തായതിനു പിന്നാലെയെത്തിയ ആഘ സല്‍മാന്‍ പെട്ടെന്ന് കുടാരം കയറിയെങ്കിലും ഇഫ്തിഖര്‍ അഹമ്മദ് ക്രീസില്‍ നിലയുറപ്പിച്ചതോടെ സ്‌കോറിംഗ് വേഗത കൂടി.

നേപ്പാള്‍ ബോളിംഗിനെ കീറിമുറിച്ച ഇഫ്തിഖര്‍ 67 പന്തില്‍ നിന്നാണ് തന്റെ ആദ്യ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. മറുവശത്ത് ബാബര്‍ അസം 151 റണ്‍സ് നേടി ഏഷ്യാകപ്പ് ചരിത്രത്തില്‍ ഇടംനേടി. ആദ്യമായി 150 പിന്നിടുന്ന നായകന്‍ എന്ന റെക്കോര്‍ഡാണ് അസം നേടിയത്.

ALSO READ: ഏഷ്യാകപ്പ് ക്രിക്കറ്റ്; വീണ്ടുമൊരു ഇന്ത്യാ-പാക് പോരാട്ടം, ആവേശത്തില്‍ ഇന്ത്യന്‍ ആരാധകര്‍

342 റണ്‍സെന്ന പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ക്രീസിലെത്തിയ നേപ്പാളിനെ ആദ്യ ഓവറില്‍ തന്നെ ഇരട്ടപ്രഹരം നല്‍കി ഷഹീന്‍ അഫ്രീദി ആഞ്ഞടിച്ചു. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റു നഷ്ടപ്പെട്ട നേപ്പാള്‍ 104 റണ്‍സിന് ഓള്‍ ഔട്ടായി.

പാക്കിസ്ഥാനു വേണ്ടി ഷദാബ് ഖാന്‍ 4 വിക്കറ്റും ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ ഈരണ്ടു വിക്കറ്റു വീതവും നേടി. ബാബര്‍ അസം ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ശനിയാഴ്ച ഇന്ത്യയ്‌ക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മല്‍സരം.

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ബംഗ്ലാദേശ് ശ്രീലങ്കയെ നേരിടും. സെപ്റ്റംബര്‍ നാലിന് ഇന്ത്യയ്‌ക്കെതിരെയാണ് നേപ്പാളിന്റെ രണ്ടാം മല്‍സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.