'ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പു നടത്താന്‍ തയാര്‍; സംസ്ഥാന പദവിയില്‍ സമയക്രമം പറയാനാവില്ല': കേന്ദ്രം സുപ്രീം കോടതിയില്‍

'ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പു നടത്താന്‍ തയാര്‍; സംസ്ഥാന പദവിയില്‍ സമയക്രമം പറയാനാവില്ല': കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പു നടത്താന്‍ തയാറെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തിരഞ്ഞെടുപ്പു കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനെ അറിയിച്ചു.

ആദ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പും പിന്നീട് മുനിസിപ്പല്‍ തിരഞ്ഞെടുപ്പും അവസാനം നിയമസഭാ തെരഞ്ഞെടുപ്പുമാണ് നടക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ജമ്മു കാശ്മീരിന് എപ്പോള്‍ പൂര്‍ണ സംസ്ഥാന പദവി തിരിച്ചു കിട്ടും എന്നതില്‍ സമയക്രമം അറിയിക്കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. പൂര്‍ണ സംസ്ഥാന പദവിയിലേക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു.

എന്നാല്‍ കാശ്മീരില്‍ അയ്യായിരത്തോളം പേരെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നുവെന്നും അതിനാലാണ് പ്രതിഷേധ സമരങ്ങള്‍ ഉണ്ടാകാത്തതെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

അതിനാല്‍ തന്നെ 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷമുള്ള ഘടകങ്ങള്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയുള്ള കേസില്‍ പരിഗണിക്കരുതെന്നും സിബല്‍ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന അവകാശ വാദങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ എതിര്‍ വാദങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൂര്‍ണ സംസ്ഥാന പദവി തിരിച്ചുനല്‍കുന്നതു സംബന്ധിച്ച് വിശദമായ നിലപാട് അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ജമ്മു കശ്മീരിന്റെ കേന്ദ്ര ഭരണ പ്രദേശ പദവി സ്ഥിരമായുള്ളതല്ലെന്ന് നേരത്തെ കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.