പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ഘട്ടത്തിലേക്ക്; വിവാദങ്ങളില്‍ പ്രതിരോധത്തിലായി ഇടത് മുന്നണിയും സര്‍ക്കാരും

പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ഘട്ടത്തിലേക്ക്; വിവാദങ്ങളില്‍ പ്രതിരോധത്തിലായി ഇടത് മുന്നണിയും സര്‍ക്കാരും

കോട്ടയം: ഓണത്തിരക്ക് വിട്ട് പുതുപ്പള്ളി വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലേക്ക് മാറുമ്പോള്‍ അരയും തലയും മുറുക്കിയുള്ള പ്രചാരണം കൊഴുപ്പിക്കുകയാണ് മൂന്ന് മുന്നണികളും. തെരുവുകളിലെ പൊതുയോഗങ്ങള്‍ക്കും റോഡ് ഷോകള്‍ക്കുമൊപ്പം വീടുകള്‍ കയറിയുള്ള സ്‌ക്വാഡ് വര്‍ക്കുകള്‍ക്ക് മുന്നണികള്‍ ഇത്തവണ വലിയ പ്രാധാന്യം നല്‍കുന്നു.

പ്രചാരണം ഏതാണ്ട് അവസാന ലാപ്പിലെത്തുമ്പോള്‍ ഇടത് മുന്നണി കൂടുതല്‍ പ്രതിരോധത്തിലാകുന്ന സാഹചര്യമാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ പേരിലുയര്‍ന്ന മാസപ്പടി വിവാദവും ഇതേപ്പറ്റി മുഖ്യമന്ത്രി തുടരുന്ന മൗനവും യുഡിഎഫ് നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന് വോട്ടഭ്യര്‍ത്ഥിച്ച് പിണറായി വിജയന്‍ മണ്ഡലത്തില്‍ പലയിടങ്ങളിലും പ്രസംഗിച്ചെങ്കിലും കത്തി നില്‍ക്കുന്ന മാസപ്പടി വിവാദത്തില്‍ ഒന്നും ഉരിയാടാതിരിക്കുന്നത് ഇടത് മുന്നണി പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

ഇക്കാര്യത്തില്‍ എതിരാളികള്‍ വലിയ തോതില്‍ മുതലെടുപ്പ് നടത്തുമ്പോഴും മുഖ്യമന്ത്രി മൗനം വെടിയാത്തത് പ്രവര്‍ത്തകര്‍ക്കിടയിലെ ആവേശം കെടുത്തിക്കളയുകയാണെന്ന് ആക്ഷേപം പ്രാദേശിക ഇടത് നേതാക്കള്‍ക്കുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സഹതാപ തരംഗം ആഞ്ഞടിക്കാതിരിക്കാന്‍ വികസനത്തിലൂന്നിയുള്ള പ്രചാരണം എന്ന തന്ത്രം നേരത്തേ തന്നെ എല്‍ഡിഎഫ് ആവിഷ്‌കരിച്ചിരുന്നു. ആദ്യമൊന്ന് മടിച്ചു നിന്ന യുഡിഎഫ് വൈകാതെ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്കൊപ്പം വികസനവും മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കി.

പുതുപ്പള്ളി മണ്ഡലത്തില്‍ വികസനമില്ലെന്ന ഇടത് പ്രചാരണത്തെ മണ്ഡലത്തിലും കേരളമൊട്ടാകെയും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന വികസന പദ്ധതികള്‍ അക്കമിട്ട് നിരത്തി യുഡിഎഫ് പ്രതിരോധിച്ചു. അതിനിടെ സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ കിട്ടിയ എല്ലാ വിഷയങ്ങളും നന്നായി ഉപയോഗിച്ചു.

മാസപ്പടി വിവാദത്തിന് പിന്നാലെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ഓണക്കിറ്റ് വിതരണത്തിലുണ്ടായ പാളിച്ച, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി എ.സി മൊയ്തീനെതിരായ ഇ.ഡി നോട്ടീസ്, അവസാനം നെല്‍ കര്‍ഷകരുടെ പണം നല്‍കാത്തതിനെതിരെ നടന്‍ ജയസൂര്യ പൊതുവേദിയില്‍ ഉയര്‍ത്തിയ വിമര്‍ശനം തുടങ്ങിയ വിഷങ്ങളെല്ലാം ഇടത് മുന്നണിയെയും സര്‍ക്കാരിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കി.

അങ്ങനെ വികസനം പറയുന്നതിനൊപ്പം അതിലേറെ സമയം വിവാദങ്ങള്‍ക്ക് മറുപടി പറയേണ്ട അവസ്ഥയിലെത്തി ഇടത് നേതാക്കള്‍. എന്നാല്‍ വീടുകള്‍ കയറിയുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ യുഡിഎഫിനെക്കാള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നത് എല്‍ഡിഎഫാണ്. പതിനാല് ജില്ലകളില്‍ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരും ജനപ്രതിനിധികളും ഇതിനായി പുതുപ്പള്ളിയിലുണ്ട്.

കാര്യമായ വിജയ പ്രതീക്ഷയില്ലെങ്കിലും എന്‍ഡിഎ മുന്നണിയും മണ്ഡലത്തില്‍ നിറസാന്നിധ്യമായുണ്ട്. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കാണ് അവരും മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. കേന്ദ്ര മന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള പൊതുയോഗങ്ങള്‍ നടത്തിയും ബിജെപി പ്രചാരണ രംഗം കൊഴുപ്പിക്കുന്നുണ്ട്.

അതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വേണ്ടി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി തന്നെ പ്രചാരണത്തിനിറങ്ങി. പാമ്പാടിയില്‍ മഹിളാ കോണ്‍ഗ്രസ് നടത്തിയ റോഡ് ഷോയില്‍ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. എല്ലാ ബൂത്തുകളിലും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിനും ഇറങ്ങി.

മീനടം, വാകത്താനം പഞ്ചായത്തുകളിലാണ് ചാണ്ടി ഉമ്മന്റെ ഇന്നത്തെ പ്രചാരണ പരിപാടികള്‍. ജെയ്ക്ക് സി. തോമസ് പുതുപ്പള്ളി, മണര്‍കാട് പഞ്ചായത്തുകളില്‍ പ്രചാരണം നടത്തുമ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഭവന സന്ദര്‍ശനത്തിലാണ്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.