കെണിയിൽ പെടുന്ന കൗമാരങ്ങൾ; പെൺകുട്ടികൾ ജാഗ്രതൈ

കെണിയിൽ പെടുന്ന കൗമാരങ്ങൾ; പെൺകുട്ടികൾ ജാഗ്രതൈ

കൗമാരം നിറങ്ങളിൽ മനസുടക്കുന്ന കാലം. എന്തിനെയും അനുകരിക്കാൻ ശ്രമിക്കുന്ന കാലം. പുത്തൻ സാങ്കേതിക വിദ്യയുടെ പകിട്ട്‌ കൗമാരക്കാരെ വളരെ പെട്ടന്ന് വല്ലാതെ ആകർഷിക്കും. സമൂഹ മാധ്യമങ്ങളിൽ അഭിരമിക്കുന്നവർ പലതിന്റെയും അടിമകളായി മാറും. നവ മാധ്യമങ്ങൾക്ക് ഒട്ടേറെ മികച്ച വശങ്ങളുണ്ട്. ലോകത്തെ അടുത്തറിയാൻ സഹായിക്കുന്നത്‌ സമൂഹ മാധ്യമങ്ങൾ തന്നെ. പക്ഷേ കൗമാരക്കാർ ഇവയുടെ അടിമകളാകുന്നത് അത്യന്തം അപകടകരമാണ്. പലപ്പോഴും കുട്ടികൾക്ക് അപകടം പതിയിരിക്കുന്ന ചതിയിടങ്ങൾ അറിയാതെ പോകുന്നു.

കൂട്ടുകാരായി നിങ്ങൾക്കൊപ്പം എത്തുന്നവർ എല്ലാം കൂട്ടുകാർ അല്ല. അതിൽ വലകെട്ടി നിങ്ങളെ കെണിയിൽ പെടുത്തുന്ന ആൺ, പെൺ ചിലന്തികളുമുണ്ട്. തിരിച്ചറിയാൻ വൈകിയാൽ ജീവിതം എന്നേക്കുമായി എരിഞ്ഞു തീരും. വാർത്താ മാധ്യമങ്ങളിൽ ഇത്തരം സംഭവങ്ങൾ ഇടം പിടിക്കാത്ത ഒരു ദിവസം പോലുമില്ല. പത്ര കോളങ്ങളിൽ പീഡന വാർത്തകൾക്കു മാത്രമായി ഒരു പേജ് ഒഴിച്ചിടേണ്ട കാലത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ 17 വയസുകാരിയായ സ്കൂൾ വിദ്യാർഥിനി ഗർഭിണിയായ സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചതിയിൽപ്പെടുത്തിയുള്ള പീഡനത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത് കൂട്ടുകാരിയായി അടുത്തു കൂടിയവൾ കെണിയിൽപ്പെടുത്തി പെരുമ്പാവൂരിലെ ലോഡ്ജിൽ എത്തിച്ചു തുടർന്ന് മുറിയിലെത്തിയ രണ്ട് ചെന്നായ്ക്കൾ അവളെ മയക്കു മരുന്ന് നൽകി ബോധം ഇല്ലാതെയാക്കി മാറിമാറി ബലാത്സംഗം ചെയ്തു തുടർന്നവൾ ഗർഭിണിയാവുകയായിരുന്നു.

മറ്റൊരു ഉദാഹരണമിങ്ങനെ, കോഴിക്കോട് ഹോസ്റ്റൽ മുറിയിൽ നിന്ന് കാമുകനൊപ്പം പോയ വിദ്യാർത്ഥിയെ അബോധാവസ്ഥയിൽ ആളൊഴിഞ്ഞ വീട്ടിലെ ലോഡ്ജിൽ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി നഗ്‌ന ദൃശ്യങ്ങൾ പകർത്തുകയും കെട്ടിയിടുകയും ചെയ്തതായി പെൺകുട്ടി പിന്നീട് പൊലിസിന് മൊഴി നൽകി.

കൗമാരക്കാരെ കീഴടക്കുന്ന ലഹരികൾ പലവിധമാണ്. രാവിലെ ഉണരുമ്പോൾ തന്നെ ഫോണിന്ഒ മുന്നിൽ സമയം ചിലവഴിക്കുന്നവരെ ഒന്ന് കരുതണം. സെൽഫി, വാട്സാപ്‌, ട്വിറ്റർ, ഫെയ്‌സ്ബുക്ക്‌, ഇൻസ്റ്റഗ്രാം ഇവയുടെ അമിത ഉപയോ​ഗം പലപ്പോഴും കുട്ടികളെ പലതരം അഡിക്‌ഷനിലേക്ക് നയിക്കും. പെൺകുട്ടികളെ ഇന്റർനെറ്റ് വഴി പരിചയപ്പെട്ട് ലൈംഗിക ചൂഷണങ്ങൾക്കിരയാക്കുന്നസംഭവങ്ങൾ നിത്യമാണ്. അശ്ലീലം (പോൺ) ആസ്വദിക്കുന്നവരാണ് മറ്റൊരു കൂട്ടർ. ഓൺലൈൻ ഗെയിമുകളോട്‌ കമ്പമുള്ളവരും കുറവല്ല.

സ്വകാര്യ നിമിഷങ്ങൾ ഫോണുകളിൽ റെക്കോഡ് ചെയ്യപ്പെടുമ്പോഴാണ് കൂടുതൽ കുട്ടികളും കെണിയിൽ കുരുങ്ങുന്നത്, പ്രത്യേകിച്ച് പെൺ കുട്ടികൾ. കെണിയൊരുക്കുന്നവരിൽ സംഭാഷണങ്ങളും ദൃശ്യങ്ങളും വിൽപ്പനച്ചരക്കാക്കുന്നവരുമുണ്ട്. ഈ രീതിയിൽ ഇരകളാക്കപ്പെടുന്നവർ പിന്നീട് കടുത്ത മാനസിക സംഘർഷങ്ങളിലേക്കോ ആത്മഹത്യയിലേക്കോ എത്താനുള്ള സാധ്യതയും വളരെയേറെയാണ്.

കുട്ടികൾ ഫോണിന് അടിമയാണോ? തിരിച്ചറിയണം

സമയവും സന്ദർഭവുമറിയാതെ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന കുട്ടികളെ ശ്രദ്ധയോടെ കാണണം. അഡികറ്റഡായ വസ്തുവകകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയാൽ ഇവർ വെറുപ്പ്, കോപം, നിഷേധ പ്രകടനം, അക്രമം കാണിക്കൽ, ഉറക്കമില്ലായ്‌മ, ഉൽക്കണ്ഠ, വിശപ്പില്ലായ്‌മ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കും. പഠനം, സാമൂഹ്യ ബന്ധം, വീട്ടു കാര്യങ്ങൾ എന്നിവയിൽ നിന്ന് വിട്ടു നിൽക്കുന്നവർ, വിഷാദമുള്ളവർ, എന്നിവർക്ക്‌ കൂടുതൽ കരുതൽ നൽകണം. ചുറ്റും നടക്കുന്ന കാര്യങ്ങളിൽ താൽപ്പര്യമില്ലാത്തവരെ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധയോടെ കാണുകയും വൈദ്യസഹായം തേടുകയും വേണം.

പരിഹാരങ്ങൾ

കുട്ടികൾക്ക്‌ എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു കുടുംബാന്തരീക്ഷം കെട്ടിപ്പടുക്കുകയാണ് ആദ്യം വേണ്ടത്. കുട്ടികൾ അനുസരണകേട് കാട്ടുമ്പോൾ സംയമനത്തോടെ ഇടപെടാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം. മൊബൈൽ -ഇന്റർനെറ്റ്‌ ഉപയോഗത്തിൽ ആവശ്യത്തിന്‌ നിയന്ത്രണം തുടക്കം മുതൽ വേണം. അപകടവശങ്ങൾ ബോധ്യപ്പെടുത്തുകയും വേണം. കഴിവും വിശ്വാസവും വർധിപ്പിക്കാനായി കുടുംബ കാര്യങ്ങളിൽ അവരെ പങ്കാളിയാക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.