മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: ഇന്ന് ഒരു മരണം കൂടി; മൂന്ന് ദിവസത്തിനിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് ആറ് പേര്‍

 മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: ഇന്ന് ഒരു മരണം കൂടി; മൂന്ന് ദിവസത്തിനിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് ആറ് പേര്‍

ഇംഫാല്‍: മണിപ്പൂരില്‍ വംശീയ കലാപം തുടങ്ങി നാല് മാസം പിന്നിടുമ്പോഴും സംഘര്‍ഷത്തിന് അയവില്ല. ബിഷ്ണുപൂര്‍ ജില്ലയിലുണ്ടായ വെടിവെപ്പില്‍ ഒരു മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു.

ചുരാചന്ദ്പൂര്‍-ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷവും വെടിവെപ്പും തുടരുകയാണ്. ബന്ദിന് ആഹ്വാനം ചെയ്ത കുക്കികള്‍ റോഡ് ഉപരോധിക്കുകയാണ്.

നേരത്തെ നരന്‍സീന ഗ്രാമത്തിലെ സലാം ജോതിന്‍ സിങ് എന്ന കര്‍ഷകന് വെടിയേറ്റതോടെയാണ് വീണ്ടും വെടിവെപ്പ് ആരംഭിച്ചത്. സൈന്യവും അസം റൈഫിള്‍സും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെന്നും സൈന്യം അറിയിച്ചു.

ഇതിനിടെ മണിപ്പൂരിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. പടിഞ്ഞാറന്‍ ഇംഫാല്‍, തൗബാല്‍ ജില്ലകളിലെ വനമേഖലയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് 13 ഗ്രനേഡുകള്‍, 10 ഗ്രനേഡ് ലോഞ്ചറുകള്‍, എം 16 റൈഫിള്‍ എന്നിവ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.

പ്രധാനമന്ത്രി അടക്കമുള്ളവര്‍ മണിപ്പൂര്‍ ശാന്തമായെന്ന് പറയുമ്പോഴും സംഘര്‍ഷാവസ്ഥക്ക് ശമനമില്ലെന്നാണ് മണിപ്പൂരില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുക്കി-മെയ്തേയ് വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളുടെ അതിര്‍ത്തിയിലാണ് വെടിവെപ്പ് നടന്നത്. സൈനിക ക്യാമ്പുകളില്‍ നിന്ന് മോഷ്ടിച്ചു കൊണ്ടുപോയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.