സൗന്ദര്യമത്സര വേദിയില്‍ പ്രോ-ലൈഫ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു; ഏഴ് മക്കളുടെ അമ്മയ്ക്ക് മിസിസ് അമേരിക്ക കിരീടം

സൗന്ദര്യമത്സര വേദിയില്‍ പ്രോ-ലൈഫ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു; ഏഴ് മക്കളുടെ അമ്മയ്ക്ക് മിസിസ് അമേരിക്ക കിരീടം

ലാസ് വെഗാസ്: ബാഹ്യമായ സൗന്ദര്യത്തിനപ്പുറം സ്വന്തം നിലപാടിന്റെ സൗന്ദര്യം കൊണ്ട് മിസിസ് അമേരിക്ക കിരീടമണിഞ്ഞ കഥയാണ് ഹന്ന നീലെമാനു പറയാനുള്ളത്. 'ഏഴു കുട്ടികളുടെ അമ്മ' എന്ന ഐഡന്റിറ്റി അഭിമാനത്തോടെ കൊണ്ടുനടക്കുന്ന ഹന്നയുടെ, ജീവിതത്തെക്കുറിച്ചുള്ള മനോഹരമായ വീക്ഷണമാണ് കിരീടം സമ്മാനിച്ചത്.

ഓഗസ്റ്റ് 25-നാണ് 33-കാരിയായ ഹന്ന നീലെമാന്‍ വെസ്റ്റ്‌ഗേറ്റ് ലാസ് വെഗാസ് റിസോര്‍ട്ട് ആന്‍ഡ് കാസിനോയില്‍ നടന്ന മത്സരത്തില്‍ മിസിസ് അമേരിക്ക ആയി കിരീടമണിഞ്ഞത്. യൂട്ടാ സ്വദേശിനിയാണെങ്കിലും മത്സരത്തില്‍ സൗത്ത് ഡക്കോട്ടയെ പ്രതിനിധീകരിച്ചായിരുന്നു ഹന്നയുടെ മത്സരം. ഹന്നയും ഭര്‍ത്താവ് ഡാനിയലും യൂട്ടായിലെ കാമാസില്‍ 'ബാലേറിന ഫാംസ്' എന്ന പേരില്‍ സ്വന്തമായി ഫാം നടത്തുന്നവരാണ്. അതോടൊപ്പം തന്നെ അവരുടെ ഫാമില്‍ നിന്നുള്ള മാംസവും മറ്റ് അടുക്കശ സാധനങ്ങളും ഇവര്‍ കച്ചവടം ചെയ്യുന്നു.



മത്സരവേളയില്‍ സ്റ്റേജില്‍വച്ചു ചോദിച്ച ചോദ്യത്തിനു നീലെമാന്‍ നല്‍കിയ ഉത്തരം ലോകശ്രദ്ധ നേടിയിരുന്നു. സൗന്ദര്യ മത്സരങ്ങളിലെ പതിവിനു വിപരീതമായി ഹന്നയുടെ പ്രോ-ലൈഫ് നിലപാടിന് വലിയ പിന്തുണയാണ് ലഭിച്ചത്. വേദിയില്‍ വച്ച് ഒരു വിധികര്‍ത്താവ് അവളോടു ചോദിച്ചു: ''എപ്പോഴാണ് താങ്കള്‍ ഏറ്റവും കൂടുതല്‍ ശക്തയായിരുന്നതായി അനുഭവപ്പെട്ടിട്ടുള്ളത്?''

ഏഴു മക്കളുടെ അമ്മയായ ഹന്നയുടെ മറുപടി ഇങ്ങനെയായിരുന്നു. 'ഈ ഭൂമിയിലേക്ക് ഏഴു പുണ്യ ജന്മങ്ങളെ കൊണ്ടുവന്ന ഏഴു തവണയും ഞാന്‍ ഈ ശക്തി അനുഭവിച്ചിട്ടുണ്ട്. നവജാതശിശുവിനെ എന്റെ കൈകളില്‍ വഹിച്ചുകൊണ്ട് മാതൃത്വത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ ഭൂമിയില്‍ ഓരോ പുതിയ ജീവനും ജന്മം നല്‍കാന്‍ കഴിഞ്ഞ നിമിഷങ്ങളായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും ശാക്തീകരിക്കപ്പെട്ട നിമിഷങ്ങളെന്നു തോന്നി.''

വലിയ കരഘോഷത്തോടെയാണ് ഹന്നയുടെ ഈ മറുപടി കാണികള്‍ ഏറ്റുവാങ്ങിയത്. 2012-ല്‍ ജൂലിയാര്‍ഡ് സ്‌കൂളില്‍ നിന്ന് നൃത്തത്തില്‍ ഫൈന്‍ ആര്‍ട്‌സ് ബിരുദം നേടിയ ഹന്ന 2021-ല്‍ മിസിസ് യൂട്ടാ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒന്നു മുതല്‍ 11 വയസുവരെ വിവിധ പ്രായക്കാരായ മക്കളോടൊപ്പമാണ് ഹന്നാ ജീവിക്കുന്നത്. പരമ്പരാഗത കാര്‍ഷിക ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഹന്നയും ഭര്‍ത്താവും പ്രധാനമായും ചെയ്തുവരുന്നത്.

നാലുവര്‍ഷത്തെ ബ്രസീല്‍ ജീവിതത്തിലൂടെയാണ് ഇരുവരും ആ രാജ്യത്തെ വിശാലമായ കാര്‍ഷിക സംസ്‌കാരം പരിപയപ്പെടുന്നത്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ദമ്പതികള്‍ കന്നുകാലികളെ വളര്‍ത്തുന്ന ഫാം ആരംഭിച്ചു. ജീവനെ വിലമതിച്ചുകൊണ്ട് മുന്നേറുന്ന ഹന്ന എന്ന 33-കാരി ഇന്നത്തെ ലോകത്തിന് ഒരു മാതൃകയാണ്.

ഈ വര്‍ഷം അവസാനം നടക്കുന്ന മിസിസ് വേള്‍ഡ് 2023 മത്സരത്തില്‍ ഹന്ന മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.