538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റില്‍

538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ (74) നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കാനറ ബാങ്കുമായി ബന്ധപ്പെട്ട് 538 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ (എസ്എഫ്‌ഐഒ) എത്തിയ ഗോയലിനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി കൊണ്ടുപോവുകയായിരുന്നു.

മുംബൈയിലെ ഇഡി ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമാണ് ഗോയലിനെ കസ്റ്റഡിയിലെടുത്തത്. ഗോയലിനെ ഇന്ന് മുംബൈയിലെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും.

കാനറ ബാങ്കില്‍ 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ജെറ്റ് എയര്‍വേയ്സ്, ഗോയല്‍, ഭാര്യ അനിത, ചില മുന്‍ കമ്പനി എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്ഐആര്‍) നിന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

ജെറ്റ് എയര്‍വേയ്സ് (ഇന്ത്യ) ലിമിറ്റഡിന് (ജെഐഎല്‍) 848.86 കോടി രൂപയുടെ വായ്പാ പരിധിയും വായ്പയും അനുവദിച്ചുവെന്നും ഇതില്‍ 538.62 കോടി രൂപ കുടിശികയുണ്ടെന്നും ആരോപിച്ച് ബാങ്കിന്റെ പരാതിയിലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.