ചന്ദ്രോപരിതലത്തില്‍ നൂറ് മീറ്റര്‍ പിന്നിട്ട് പ്രഗ്യാന്‍ റോവര്‍'; ഇനി അഞ്ച് ദിവസത്തെ ദൗത്യം കൂടി

ചന്ദ്രോപരിതലത്തില്‍ നൂറ് മീറ്റര്‍ പിന്നിട്ട്  പ്രഗ്യാന്‍ റോവര്‍'; ഇനി അഞ്ച് ദിവസത്തെ ദൗത്യം കൂടി

ന്യൂഡല്‍ഹി: സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3. പ്രഗ്യാന്‍ റോവറിന്റെ ചന്ദ്രോപരിതലത്തിലെ സഞ്ചാര ദൂരം 100 മീറ്റര്‍ പിന്നിട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പ്രഗ്യാന്‍ റോവര്‍ സഞ്ചാരം തുടരുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ശാസ്ത്രജ്ഞര്‍ നല്‍കുന്ന കമാന്‍ഡുകള്‍ക്കനുസരിച്ചാണ് പ്രഗ്യാന്‍ റോവറിന്റെ സഞ്ചാരം. വിക്രം ലാന്‍ഡറില്‍ നിന്ന് വേര്‍പ്പെട്ട റോവര്‍ വടക്ക് ദിശയിലേക്കായിരുന്നു ആദ്യം നീങ്ങിയത്. പിന്നീട് വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങി. തുടര്‍ന്ന് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയ റോവര്‍ നിലവില്‍ വടക്ക് ദിശ ലക്ഷ്യമാക്കിയാണ് സഞ്ചരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

ഭൂമിയിലെ പതിനാല് ദിവസമാണ് വിക്രം ലാന്‍ഡറിന്റെയും പ്രഗ്യാന്‍ റോവറിന്റെയും ദൗത്യത്തിന്റെ കാല ദൈര്‍ഘ്യം. നിലവില്‍ ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ ഒമ്പത് ദിവസങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തെ ദൗത്യം കൂടിയാണ് ലാന്‍ഡറിനും റോവറിനും ബാക്കിയുള്ളത്.

ഒമ്പത് ദിവസത്തെ ദൗത്യത്തിനിടയില്‍ ചന്ദ്രനില്‍ സള്‍ഫറും ഓക്സിജനുമുള്‍പ്പടെയുള്ള മൂലകങ്ങളുടെ സാന്നിധ്യം റോവര്‍ സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക വിശകലനത്തില്‍ ചന്ദ്രോപരിതലത്തില്‍ അലുമിനിയം, കാല്‍സ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിധ്യം വെളിപ്പെട്ടിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

കൂടാതെ മാംഗനീസ്, സിലിക്കണ്‍, ഓക്‌സിജന്‍ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജന്റെ സാന്നിധ്യം സംബന്ധിച്ച് പരിശോധനകള്‍ നടന്നുവരികയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.