കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫിനുള്ളത് സ്വപ്നതുല്യമായ വിജയലക്ഷ്യമാണെന്നും നല്ല കമ്മ്യൂണിസ്റ്റുകാരും ചാണ്ടി ഉമ്മന് വോട്ട് ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുതുപ്പള്ളിയില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി വ്യാജമായിരുന്നെന്ന സി.ബി.ഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ച സാഹചര്യത്തില്‍ പിണറായി വിജയനും സി.പി.എമ്മും മാപ്പ് പറയണമെന്നും അദേഹം പറഞ്ഞു.
നാല് പൊലീസ് സംഘങ്ങള്‍ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞിട്ടും മതിവരാഞ്ഞ് ഉമ്മന്‍ ചാണ്ടിയെ വഷളാക്കണമെന്ന് കരുതിയാണ് പിണറായി വിജയന്‍ തട്ടിപ്പ് കേസിലെ പ്രതിയായ സ്ത്രീയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സി.ബി.ഐക്ക് വിട്ടത്. ജീവിച്ചിരിക്കുമ്പോഴും മരിച്ച ശേഷവും സി.പി.എം ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി.
ഏഴ് വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും കേസില്‍ എന്തെങ്കിലും ഒരു തുമ്പ് കണ്ടെത്താനായോ? മനപൂര്‍വമായി ഒരു മനുഷ്യനെ വേട്ടയാടാനും അപകീര്‍ത്തിപ്പെടുത്താനും അപഹസിക്കാനും വേണ്ടി സി.പി.എം നടത്തിയ പ്രചരണവും തിരഞ്ഞെടുപ്പിന് മുന്‍പ് പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് വിട്ട പിണറായി വിജയന്റെ നാടകവും കെട്ടിപ്പൊക്കിയ വ്യാജ ആരോപണങ്ങളായിരുന്നെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് പോളിങ് ദിനത്തിലേക്ക് കടക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസമുണ്ടെന്നും എല്ലാവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍പിന്തുണയാണ് ലഭിക്കുന്നത്.
യു.ഡി.എഫ് ഒരു ടീമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സ്വപ്നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്‍ക്കുണ്ടെന്നും അദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കൊപ്പം സര്‍ക്കാര്‍ വിരുദ്ധ വികാരം കൂടി വന്നപ്പോഴാണ് സ്വപ്നതുല്യമായ വിജയലക്ഷ്യം ഉറപ്പിച്ചതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ, സംസ്ഥാന സര്‍ക്കാരിനെതിരെ മാസപ്പടി ഉള്‍പ്പെടെയുള്ള ആറ് സുപ്രധാന അഴിമതി ആരോപണങ്ങളും ഓണക്കാലത്തെ രൂക്ഷമായ വിലക്കയറ്റവും നികുതി ഭീകരതയും കാര്‍ഷിക മേഖലയോടുള്ള അവഗണനയുമൊക്കെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കി. ഏഴ് മാസമായി മൗനത്തിലായ മുഖ്യമന്ത്രി പുതുപ്പള്ളിയിലെങ്കിലും മാധ്യമങ്ങളോട് സംസാരിക്കണമെന്നും പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.
രണ്ട് ഘട്ടമായി പ്രചരണത്തിനെത്തിയെങ്കിലും മാധ്യമങ്ങളെ കാണാനോ പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനോ തയാറാകാതെ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണ്. ഉത്തരം പറയാന്‍ സാധിക്കത്ത തരത്തിലുള്ള പ്രതിരോധനത്തിലായതിനാല്‍ മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നും ഇപ്പോഴും ഒളിച്ചോടുകയാണെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.