ലോകകപ്പ് ടീം ഔദ്യോഗിക പ്രഖ്യാപനം നാളെ; സഞ്ജു പുറത്തെന്ന് റിപ്പോര്‍ട്ട്

ലോകകപ്പ് ടീം ഔദ്യോഗിക പ്രഖ്യാപനം നാളെ; സഞ്ജു പുറത്തെന്ന് റിപ്പോര്‍ട്ട്

ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ടീമിനെ ബിസിസിഐ അഞ്ചാം തിയതി പ്രഖ്യാപിക്കും. നിലവില്‍ ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാകപ്പ് ടീമില്‍ അംഗമായ മലയാളി താരം സഞ്ജുസാംസണ് ടീമില്‍ ഇടമില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനായ കെ.എല്‍ രാഹുലിന് അവസരം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ഏഷ്യാ കപ്പിനായി ശ്രീലങ്കയിലാണ് ടീം ഇന്ത്യ.

മാനേജ്‌മെന്റുമായി ചര്‍ച്ച നടത്താനും ടീമിനെ അന്തിമമാക്കാനും ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി മേധാവി അജിത് അഗാര്‍ക്കര്‍ ശ്രീലങ്കയിലേക്ക് പറന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍, ഏകദിന ലോകകപ്പ് പട്ടികയും സമാനമാകുമെന്ന് അഗാര്‍ക്കര്‍ അറിയിച്ചിരുന്നു.

17 അംഗ യൂണിറ്റാണ് ഏഷ്യാ കപ്പ് സ്‌ക്വാഡ്. മാത്രമല്ല, രാഹുലിന്റെ ബാക്കപ്പായി സഞ്ജുവും ടീമിലുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് ടീമില്‍ 15 പേര്‍ മാത്രമേ ഉണ്ടാകൂ. അതിനാല്‍ രണ്ട് പ്രധാന താരങ്ങളെ ഒഴിവാക്കേണ്ടി വരും. ഇതാണ് സഞ്ജുവിന് ടീമില്‍ ഇടംനേടാനാവാതെ പോയത്.

സഞ്ജുവിനൊപ്പം പ്രസിദ് കൃഷ്ണ, തിലക് വര്‍മ എന്നിവര്‍ക്കും ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായില്ല. ഏഷ്യാ കപ്പിനുള്ള ടീമില്‍ തെരഞ്ഞെടുക്കപ്പെടാത്ത യുസ്‌വേന്ദ്ര ചാഹലിനും ലോകകപ്പ് നഷ്ടമാകും.

ലഭിച്ച അവസരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാന്‍ കിഷന്‍ ടീമില്‍ ഇടം നേടി. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വിരാട് കോലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പേസ് ബൗളിംഗ് ആക്രമണത്തെ നയിക്കാന്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമില്‍ ഉണ്ടകും. കുല്‍ദീപ് യാദവ് ആണ് ടീമിന്റെ സ്പിന്‍ സ്‌പെഷലിസ്റ്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.