തിരുവനന്തപുരം:
മുതലപൊഴിയില്‍ ശാസ്ത്രിയ പരിഹാരം വൈകുന്നതില്‍ പ്രതിഷേധിച്ച് കേരളാ ലത്തീന്‍ കത്തോലിക്കാ അസോസിയേഷന്‍ മാര്‍ച്ച് നടത്തും. ഈ മാസം 17 ന് ഉച്ചയ്ക്ക് മൂന്നിന് പുതുക്കുറിച്ചിയില്‍ നിന്നും, അഞ്ചുതെങ്ങില്‍ നിന്നുമുള്ള പദയാത്രകള്‍ ഒരുമിച്ച് ചേര്‍ന്ന് മുതലപൊഴിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കേരളത്തിലെ 12 രൂപതകളില്‍ നിന്നുള്ള നേതാക്കളും പങ്കെടുക്കും.
മുതലപൊഴിയില്‍ അശാസ്ത്രിയമായി പുലിമുട്ട് നിര്‍മിച്ചതിനെ തുടര്‍ന്ന് നിരവധി അപകടങ്ങള്‍ ഉണ്ടാകുകയും ഇക്കാര്യം പല തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിട്ടുള്ള കാര്യമാണ്. 2006 ല്‍ അശാസ്ത്രിയമായ പുലിമുട്ട് നിര്‍മിച്ചതിനു ശേഷം 125 ല്‍ അധികം അപകടങ്ങളും 69 ല്‍ അധികം മരണങ്ങളും 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ശാസ്ത്രീയമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുക, ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന പുലിമുട്ടിന്റെ അശാസ്ത്രിയത പരിഹരിക്കുക, സാധാരണയായി മറ്റ് ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നഷ്ട്ടപരിഹാരം നല്‍കുന്നത് പോലെ മുതലപൊഴിയില്‍ ദുരന്തത്തില്‍ ഇരയായവര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, വീടില്ലാത്തവര്‍ക്ക് വീട് നല്‍കുകയും, മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ജോലി, വായ്പ കുടിശിക എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ നിരന്തരമായി സര്‍ക്കാരിന്റെ മുന്നില്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്.
ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചു എങ്കിലും അവ ഇപ്പോഴും പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടില്ല. സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ചെയ്തിരിക്കുന്ന കാര്യങ്ങള്‍ ഒഴിച്ചാല്‍, മണല്‍ നീക്കം ചെയ്യുന്നതുപ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മുതലപൊഴി വിഷയത്തില്‍ അടിയന്തിരമായി നടപടികള്‍ ഉണ്ടാകണം എന്ന് ആവശ്യപെട്ട് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ മുതലപ്പൊഴി മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
മുതലപൊഴി വിഷയത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ കളവായി എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളില്‍ ഒന്നാണ്. ജൂലൈ മാസം 31 ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യപിച്ച കാര്യങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കാത്തതാണ് ഇപ്പോള്‍ അപകടങ്ങള്‍ തുടരാന്‍ കാരണം.
സാന്റ് ബൈപാസിങ് ഉള്‍പ്പടെയുള്ള പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തില്‍ തുടങ്ങുന്നതിനു ധാരണയായിട്ടുണ്ടെങ്കിലും നടപടികള്‍ ആരംഭിച്ചിട്ടില്ല. വീണ്ടും പഠന റിപ്പോര്‍ട്ട് കാത്തിരിക്കുന്ന നിലപാട് ശരിയല്ലെന്നും ഇതിനോടകം തന്നെ ഈ വിഷയത്തില്‍ പഠന റിപ്പോര്‍ട്ടുകള്‍ നിലവില്‍ ഉണ്ടെന്നും കേരളാ ലത്തീന്‍ കത്തോലിക്കാ അസോസിയേഷന്‍ ആരോപിക്കുന്നു.
വിഴിഞ്ഞം സമരത്തിന്റെ ഒത്തുതീര്‍പ്പുകളുടെ ഭാഗമായി ഉണ്ടായിരുന്ന ഒരു നിബന്ധനയാണ് മുതലപൊഴിയില്‍ ശാസ്ത്രിയമായ രീതിയില്‍ പ്രശ്‌ന പരിഹാരം ഉണ്ടാക്കാമെന്നുള്ളതെന്നിരിക്കെ ഇത് സംബന്ധിച്ച് യാതൊരു ധാരണയും ആയിട്ടില്ല എന്നുള്ളതുമാണ് പ്രക്ഷോഭത്തിനു ഇറങ്ങാന്‍ കാരണമെന്നു കേരളാ ലത്തീന്‍ കത്തോലിക്കാ അസോസിയേഷന്‍ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന കേരളാ ലത്തീന്‍ കത്തോലിക്കാ അസോസിയേഷന്റെ പ്രത്യേക സംസ്ഥാന മാനേജിങ് കൗണ്‍സില്‍ യോഗത്തില്‍ കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി. ജെ. തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മറ്റു ഭാരവാഹികളും പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.