പുതുപ്പള്ളിയ്‌ക്കൊപ്പം ആറിടങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

പുതുപ്പള്ളിയ്‌ക്കൊപ്പം ആറിടങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: കേരളത്തില്‍ ഇന്ന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. പുതുപ്പള്ളിയോടൊപ്പം ഇന്ന് ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഝാര്‍ഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്‌സാ നഗര്‍, ധന്‍പൂര്‍, പശ്ചിമ ബംഗാളിലെ ദുപ്ഗുരി, യു.പിയിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നീ നിയമസഭ മണ്ഡലങ്ങളാണ് പുതുപ്പള്ളിക്കൊപ്പം വിധിയെഴുതുന്നത്. ആറിടത്ത് ജനപ്രതിനിധികളുടെ മരണമാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായതെങ്കില്‍ ധന്‍പൂരിലും ഘോസിയിലും ജനപ്രതിനിധികള്‍ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ ബി.ജെ.പിയുടെ ചന്ദന്‍ രാംദാസാണ് 2022 ലെ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. യു.പിയിലെ ഘോസിയില്‍ എസ്.പി സ്ഥാനാര്‍ഥി ധാരാസിങ് ചൗഹാനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. 22,000ലേറെ വോട്ടിന് ബി.ജെ.പിയെയാണ് തോല്‍പ്പിച്ചത്. ചൗഹാന്‍ എസ്.പിയില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ്.

പശ്ചിമബംഗാളിലെ ദുപ്ഗുരിയില്‍ 2021 ല്‍ ബി.ജെ.പിയുടെ ബിഷ്ണുപദ റോയ് ആണ് ജയിച്ചത്. 4300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയെയാണ് തോല്‍പ്പിച്ചത്. റോയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പശ്ചിമ ബംഗാളിലെ ദുപ്ഗുഡിയില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും സിപിഐഎം-കോണ്‍ഗ്രസ് സഖ്യവും തമ്മിലാണ് മത്സരം.ഉത്തര്‍പ്രദേശിലെ ഘോസിയില്‍ ഇന്ത്യ സഖ്യത്തിന്റെ പിന്തുണ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്കുണ്ട്.

അതേസമയം പ്രതിപക്ഷ സഖ്യമായ 'ഇന്‍ഡ്യ' മുന്നണിയും ബിജെപിയും തമ്മിലെ ആദ്യ പോരാട്ടമാണ് ഇന്ന് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാനായി രൂപംകൊണ്ട പുതിയ പ്രതിപക്ഷ സഖ്യമായ 'ഇന്‍ഡ്യ'ക്ക് കരുത്ത് തെളിയിക്കാന്‍ കൂടിയുള്ള അവസരമാണ് വന്നിരിക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് തന്നെയാണ് എല്ലായിടത്തും ഫല പ്രഖ്യാപനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.