'ഭാരത്' എന്ന് വേണ്ടന്ന് സുപ്രീം കോടതിയില്‍ നേരത്തെ പറഞ്ഞ കേന്ദ്രത്തിന് ഇപ്പോള്‍ നിലപാട് മാറ്റം; കാരണം 'ഇന്ത്യ' മുന്നണി

'ഭാരത്' എന്ന് വേണ്ടന്ന് സുപ്രീം കോടതിയില്‍ നേരത്തെ പറഞ്ഞ കേന്ദ്രത്തിന് ഇപ്പോള്‍ നിലപാട് മാറ്റം; കാരണം 'ഇന്ത്യ' മുന്നണി

ന്യൂഡൽഹി: ഇന്ത്യയുടെ പേര് ഭാരത് ആക്കുന്നു എന്നുള്ള ചർച്ചകൾ സജീവമാകവെ ജി 20 ഉച്ചകോടിയുടെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണക്കത്ത്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഇന്ത്യയെന്ന പേര് മാറ്റാനുള്ള ബിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കോൺ​ഗ്രസ് അടക്കമുള്ള പ്രതിക്ഷ പാർട്ടികൾ ഇതിനെതിരെ ശക്തമായ വിമർശനവുമായെത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ഭരണ ഘടന പരിശോധിച്ചാൽ അതിൽ ഇന്ത്യ എന്നും ഭാരതം എന്നും ഉപയോഗിച്ചിരിക്കുന്നതായി മനസിലാക്കാം. നിയമപരമായി രണ്ടും നില നിൽക്കുമെന്നാണ് വിദ​ഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. ഭരണഘടനയിൽ ഒരിടത്തുമാത്രമാണ് ഭാരതം എന്ന് ഉപയോഗിച്ചിട്ടുള്ളത്. അത് ഒന്നാം അനുച്ഛേദത്തിൽ തന്നെയാണ്. ഇന്ത്യ അതായത് ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനായിരിക്കും എന്ന് ഒന്നാം അനുച്ഛേദത്തിൽ പറയുന്നു. അതിനർത്ഥം ഇന്ത്യ എന്നോ ഭാരതം എന്നോ ഉപയോഗിക്കാമെന്നാണ്.

കൗതുകകരമായ കാര്യം 2012 ൽ കോൺഗ്രസിന്റെ രാജ്യസഭാ എം. പിയായിരുന്ന ശാന്താറാം നായിക് ഭരണഘടനയിൽ ഇന്ത്യയെന്ന പേര് ഭാരതം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി ഭാരതത്തിന് ഭൂമി ശാസ്ത്രപരമായ അതിർത്തികളേക്കാൾ വലിയ അർഥമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

1947-ൽ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ ഭരണഘടന തയ്യാറാക്കുന്നതിനായി ഭരണഘടനാ അസംബ്ലി രൂപീകരിച്ചിരുന്നു. ഭരണഘടനാ അസംബ്ലി ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയതിനു പിന്നാലെ രാജ്യത്തിന്റെ പേര് സംബന്ധിച്ച് ചൂടേറിയ ചർച്ചകൾ ഉയർന്നു. 1949 നവംബർ 18 ന് ഇതു സംബന്ധിച്ച് വലിയൊരു സംവാദം നടന്നിരുന്നു. ഭരണഘടനാ അസംബ്ലി അംഗമായ എച്ച്.വി കാമത്താണ് സംവാദത്തിന് തുടക്കം കുറിച്ചത്

ഇന്ത്യ എന്നത് കൊളോണിയൽ പേരാണെന്നും വിദേശികളിട്ടതാണെന്നുമെല്ലാം അതിനെ എതിർക്കുന്നവർ വാദിച്ചു. ‘ഭാരതം, ഇംഗ്ലീഷ് ഭാഷയിൽ ഇന്ത്യ’ എന്ന രീതിയിൽ വേണമെന്ന് എച്ച്.വി. കാമത്ത് നിർദേശിച്ചു. ‘ഭാരതം, വിദേശ രാജ്യങ്ങളിൽ ഇന്ത്യ എന്നും അറിയപ്പെടും’ എന്നാക്കാമെന്ന് സേത്ത് ഗോവിന്ദ് ദാസ് നിർദേശിച്ചിരുന്നു.

ഇന്ത്യയെ പൂർണമായും ‘ഭാരത്’ എന്നുവിളിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി 2016 ൽ സുപ്രീംകോടതി തള്ളിയിരുന്നു. പൗരന്മാർക്ക് അവരുടെ ഇഷ്ടാനുസരണം രാജ്യത്തെ ഇന്ത്യയെന്നോ ഭാരതമെന്നോ വിളിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി അന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ജി-20 ക്ഷണത്തെച്ചൊല്ലി പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനം നേരിടുന്ന കേന്ദ്രസർക്കാരാകട്ടെ 2015 നവംബറിൽ രാജ്യത്തെ ‘ഇന്ത്യ’ എന്നതിനു പകരം ‘ഭാരത്’ എന്നു വിളിക്കേണ്ടതില്ലെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലവും നൽകിയിരുന്നു.

പുതുതായി രൂപീകരിച്ച പ്രതിപക്ഷ കൂട്ടായ്മയ്ക്ക് 'ഇന്ത്യ' മുന്നണി എന്ന പേരിട്ടതിനെത്തുടർന്നാണ് ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് രാഷ്ട്രത്തിന്റെ പേര് മാറ്റി ഉപയോഗിക്കാൻ ബി ജെ പി തീരുമാനിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വിവാദങ്ങൾക്കിടെ മോഡി സർക്കാർ അത്തരമൊരു വിഡ്ഢിത്തരം കാണിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് ശശി തരൂർ എംപി പ്രതികരിച്ചു . നൂറ്റാണ്ടുകള്‍ കൊണ്ട് കെട്ടിപ്പടുത്ത വിലമതിക്കാനാകാത്ത ബ്രാൻഡ് മൂല്യം ഇന്ത്യ എന്ന പേരിനുണ്ട്. അത് കളയാൻ സർക്കാർ തയ്യാറാകില്ലെന്നാണ് കരുതുന്നത്. ഇന്ത്യയെ ഭാരതമെന്ന് വിളിക്കുന്നതിന് ഭരണഘടന പ്രശ്നങ്ങളില്ല, രണ്ടും ഇന്ത്യയുടെ ഔദ്യോഗിക പേരാണ്. രണ്ട് പേരുകളും ഉപയോഗിക്കുന്നത് തുടരണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

അതേ സമയം രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുന്നെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പേര് മാറ്റുമെന്ന വിവാദം വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തില്‍ വ്യക്തത വരുത്തിയത്. ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കുമെന്ന് നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് നിലപാടുണ്ടെങ്കില്‍ അറിയിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ജി 20 ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് അഭ്യൂഹം പ്രചരിപ്പിക്കുന്നത്. ഒരു കാലത്തും ഭാരത് എന്ന പേരിനോട് കോണ്‍ഗ്രസിന് അനുകൂലമായ നിലപാടല്ലെന്ന് കേന്ദ്ര മന്ത്രി വിമര്‍ശിച്ചു.

അഭ്യൂഹങ്ങള്‍ക്കെതിരെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും രം​ഗത്തെത്തി. ഇന്ത്യന്‍ ഭരണഘടനയില്‍ തന്നെ പരാമര്‍ശിക്കുന്ന വാക്കാണ് ഭാരത് എന്ന് അദേഹം വ്യക്തമാക്കി. ഇന്ത്യ എന്ന ഭാരതം എന്ന്, ഭരണഘടനയില്‍ പറയുന്നുണ്ടെന്നും എല്ലാവരും അത് വായിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതം എന്നതിനെ എല്ലാ അര്‍ത്ഥത്തിലും കാണുകയാണെങ്കില്‍ അതേ ആശയം തന്നെയാണ് ഭരണഘടനയില്‍ പ്രതിഫലിക്കുന്നത്. രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കി മാറ്റണമെന്ന ചര്‍ച്ചകളില്‍ നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്.

രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യ എന്ന പേര് മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായി കങ്കണ റാവത്ത് പറഞ്ഞു. ഭാരതം എന്ന പേരിനെ അനുകൂലിച്ച് നടന്‍ ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. 'മേരാ ഭാരത്' എന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. അമിതാഭ് ബച്ചനും 'ഭാരത് മാതാ കീ ജയ്' പോസ്റ്റും പങ്കുവെച്ചിരുന്നു. ഭാരത് എന്നാണ് നമ്മുടെ ആമുഖമെന്നും അതില്‍ അഭിമാനം കൊള്ളണമെന്നുമാണ് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എക്സില്‍ കുറിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26