തൃശൂര്‍: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ ഒരു മുഴം മുന്നിലെറിഞ്ഞ് സിപിഎം. ബിജെപി വോട്ട് ലഭിക്കാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ജയിക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം.
പുതുപ്പള്ളിയിലെ ബിജെപി വോട്ടുകള്‍ യുഡിഎഫ് വാങ്ങിയോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും വോട്ടെണ്ണുമ്പോള്‍ മാത്രമേ ഇത് വ്യക്തമാകുയെന്നും അദേഹം പറഞ്ഞു. ബിജെപിയുടെ വോട്ട് വാങ്ങിയിട്ടില്ലെങ്കില്‍ ചാണ്ടി ഉമ്മന്‍ ജയിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ വിജയത്തില്‍ അത്ര ഉറപ്പില്ലാത്തതിനാല്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചാല്‍ തുടര്‍ ചര്‍ച്ചകള്‍ ഏത് ദിശയില്‍ കൊണ്ടു പോകണമെന്നുള്ള സൂചനയാണ് സിപിഎം സംസ്ഥാന സെക്രട്ടറി മുന്‍കൂട്ടി നല്‍കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
'താഴെത്തട്ടിലെ കണക്കെല്ലാം കിട്ടിയിട്ടുണ്ട്. പ്രശ്‌നം ഇത്രയേയുള്ളൂ, ബിജെപിയ്ക്ക് പത്ത് പത്തൊന്‍പതിനായിരം വോട്ടുണ്ട് അവിടെ. ആ ബിജെപി വോട്ട് യുഡിഎഫ് വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്. വോട്ടെണ്ണുമ്പോള്‍ മാത്രമേ അത് മനസിലാകുകയുള്ളൂ. ബിജെപി വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കില്‍ ഞങ്ങള്‍ ജയിക്കും'- ഇതാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അവകാശവാദം.
പുതുപ്പള്ളിയിലെ വിധി സര്‍ക്കാരിന്റെ ആണിക്കല്ലിളക്കുന്നതാകുമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെയും ഗോവിന്ദന്‍ പ്രതികരിച്ചു. ഈ വിധിയോടെ സര്‍ക്കാരിന്റെ ആണിക്കല്ല് ഉറയ്ക്കുകയാണ് ചെയ്യുകയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വെറുതെ അവകാശവാദങ്ങള്‍ ഉന്നയിക്കേണ്ട കാര്യമില്ല. വലിയ രീതിയിലുള്ള സംഘടന, രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിക്കാന്‍ സാധ്യതയുണ്ടെന്ന് തന്നെയാണ് നേരത്തേയും പറഞ്ഞത്. ആരു ജയിച്ചാലും വലിയ ഭൂരിപക്ഷമൊന്നും ഉണ്ടാവില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.