രാജ്യത്തെ ഏറ്റവും സമ്പന്ന പാര്‍ട്ടിയായി ബിജെപി; കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നേടിയത് 1050 കോടി

 രാജ്യത്തെ ഏറ്റവും സമ്പന്ന പാര്‍ട്ടിയായി ബിജെപി; കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നേടിയത് 1050 കോടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്‍ട്ടിയായി ബിജെപി. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റക് റിഫോമ്സ് റിപ്പോര്‍ട്ട് പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 6064 കോടിയാണ് ബിജെപിയുടെ ആസ്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കൂടിയത് 1050 കോടിയാണ്. ഇതോടെ ആകെ ആസ്തി 7114 കോടിയായി.

ദേശീയ പാര്‍ട്ടികള്‍ക്കെല്ലാം കൂടിയുള്ള ആസ്തി പരിശോധിച്ചാല്‍ അതിന്റെ വലിയൊരു ഭാഗവും ബിജെപിക്കാണ്. ദേശീയ പാര്‍ട്ടികളുടെ മൊത്തം ആസ്തി നോക്കിയാല്‍ അതില്‍ 68 ശതമാനം ബിജെപിക്കാണ്.

ബിജെപിയുടെ സമ്പത്തില്‍ പകുതിയോളം ഫിക്സഡ് ഡെപ്പോസിറ്റായിട്ടാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അഞ്ച് പതിറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ ആസ്തി ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്.

805 കോടിയാണ് 2021-22 ല്‍ കോണ്‍ഗ്രസിന്റെ ആസ്തി. 2020-21 വര്‍ഷത്തെ അപേക്ഷിച്ച് 110 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ ആസ്തിയില്‍ വര്‍ധനവുണ്ടായതെന്ന് എഡിആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എട്ട് ദേശീയ പാര്‍ട്ടികളുടെ ആസ്തികളും ബാധ്യതകളും എഡിആര്‍ റിപ്പോര്‍ട്ടിലുണ്ട്. ബിജെപി, കോണ്‍ഗ്രസ്, ബിഎസ്പി, സിപിഎം, എന്‍സിപി, എന്‍പിപി, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരുടെ ആസ്തിയടക്കമുള്ള കാര്യങ്ങളാണ് പുറത്തു വിട്ടത്.

അതേസമയം എന്‍സിപി, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരുടെ ദേശീയ പദവി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ ഡാറ്റ പ്രകാരമുള്ള വിവരങ്ങളാണിത്. ഇവ ഓഡിറ്റ് ചെയ്തവയാണ്. ബിജെപി ഒഴിച്ചുള്ള ദേശീയ പാര്‍ട്ടികളുടെ സമ്പത്ത് 2800 കോടി വരും.

സിപിഎം 735 കോടി, ബിഎസ്പി 690 കോടി, തൃണമൂല്‍ കോണ്‍ഗ്രസ് 458 കോടി, എന്‍പിപി 1.8 കോടി എന്നിങ്ങനെയാണ് മറ്റ് ദേശീയ പാര്‍ട്ടികളുടെ ആസ്തി. ബിജെപിയുടെയും മറ്റ് ദേശീയ പാര്‍ട്ടികളുടെയും സമ്പത്ത് 2004-05 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ 1947 ശതമാനമാണ് വര്‍ധിച്ചത്.

അതേസമയം 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ ദേശീയ പാര്‍ട്ടികളുടെ ബാധ്യതകള്‍ കുറയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 നും 2022 നും ഇടയില്‍ ബാധ്യതകള്‍ 103 കോടിയില്‍ നിന്ന് 62 കോടിയായി കുറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ ബാധ്യതയുള്ളത്. 41.95 കോടിയാണ് ബാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.