കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഐ.എസ് തൃശൂര്‍ മൊഡ്യൂള്‍ നേതാവ് ചെന്നൈയില്‍ പിടിയില്‍

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഐ.എസ് തൃശൂര്‍ മൊഡ്യൂള്‍ നേതാവ് ചെന്നൈയില്‍ പിടിയില്‍

ചെന്നൈ: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തൃശൂര്‍ മൊഡ്യൂള്‍ നേതാവ് സയീദ് നബീല്‍ അഹമ്മദ് ചെന്നൈയില്‍ അറസ്റ്റില്‍.

എന്‍ഐഎയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. വ്യാജ യാത്രാ രേഖകളുമായി നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് എന്‍ഐഎ പറഞ്ഞു.

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണം നടത്താനാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം പദ്ധയിട്ടത്. പാലക്കാടും തൃശൂരും വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എന്‍ഐഎ പറയുന്നു. പിന്നീട് കര്‍ണാടകയിലും തമിഴ്നാട്ടിലുമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു എന്‍ഐഎ.

വ്യാജ രേഖകളുമായി ചെന്നൈ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് നബീല്‍ പിടിയിലാകുന്നത്. നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഈ വര്‍ഷം ജൂലൈയില്‍ സത്യമംഗലത്ത് നിന്നും അഷ്റഫ് എന്നയാള്‍ പിടിയിലാകുന്നതോടെയാണ് കേരളത്തില്‍ ആക്രമണം നടത്താനുള്ള പദ്ധതിയെപ്പറ്റി എന്‍ഐഎക്ക് വിവരം ലഭിക്കുന്നത്.

കേരളത്തിലെ ഭീകരാക്രമണത്തിന്റെ ആസൂത്രണവുമായി ബന്ധപ്പെട്ട ധന സമാഹരണവും ഏകോപനവും നിര്‍വഹിച്ചത് പിടിയിലായ സയീദ് നബീല്‍ അഹമ്മദാണ്. ഭീകര പ്രവര്‍ത്തനത്തിന് ആവശ്യമായ പണം കണ്ടെത്താനായി കൊള്ളയടക്കം നടത്തിയതും നബീലിന്റെ നേതൃത്വത്തിലാണ്. ജൂലൈ 11 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.