അബുദാബി: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നും തിരിച്ചെത്തിയ ശേഷം എല്ലാവർക്കും നന്ദി അറിയിച്ച് യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവച്ച ആശംസ മണിക്കൂറുകൾക്കകം വൈറലായി. രണ്ടാഴ്ചക്ക് ശേഷം നെയാദി യുഎഇയിൽ എത്തുമെന്നാണ് കരുതുന്നത്.
ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ സുൽത്താൻ അൽ നെയാദി ഇപ്പോൾ ഭൂമിയുമായി പൊരുത്തപ്പെടുന്നതിനായി നാസയിൽ വിവിധ പരിശോധനകൾക്ക് വിധേയനാവുകയാണ്. അതിനിടയിലാണ് എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുളള സന്ദേശം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഈ യാത്രയിൽ എന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി. ഞാൻ ആരോഗ്യ വാനായി ഇരിക്കുന്നു. നിങ്ങളെ എല്ലാവരെയും ഉടൻ കാണുമെന്ന് നെയാദി എക്‌സിൽ കുറിച്ചു.
ചരിത്ര ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തുന്ന നെയാദിക്ക് വൻ സ്വീകരണം ഒരുക്കാനുളള തയ്യാറെടുപ്പുകളാണ് മുഹമ്മദ് ബിൻ റാഷിദ് സ്‌പെയ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. റോഡ് ഷോ, ഭരണകർത്താക്കളുമായുളള കൂടിക്കാഴ്ച, പൊതു ജനങ്ങളും കുട്ടികളുമായുളള സംവാദം അങ്ങനെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജന്മനാടായ അൽ ഐനിലും പ്രത്യക സ്വീകരണം നൽകും.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ബഹിരാകാശ നിലയത്തിൽ നിന്ന് അൽ നെയാദിയും മറ്റ് ശാസത്രഞ്ജരും ഭൂമിയിൽ തിരിച്ചെത്തിയത്. ബഹിരാകശ നിലയത്തിൽ 200ഓളം പരീക്ഷണങ്ങളിലാണ് നെയാദി പങ്കാളിയായത്. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് ചെലവഴിച്ച അറബ് വംശജൻ എന്ന നേട്ടത്തോടെയാണ് നെയാദി യുഎഇയിൽ തിരിച്ചെത്തുന്നത്. അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശത്ത് നടന്ന ചിത്രവും നെയാദിക്ക് സ്വന്തം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.