പെൻസിൽവാനിയ: പെൻസിൽവാനിയ ജയിലിൽ നിന്ന് തടവു ചാടിയ കൊലയാളി ഡാനെലോ കവൽകാന്റെയെക്കായി ആറാം ദിവസവും തിരച്ചിൽ തുടരുന്നു. കൊലയാളി അപകടകാരിയായതിനാൽ പ്രദേശത്തെ മുഴുവൻ സ്കൂളുകളും അടച്ചു. ജയിലിൽ നിന്ന് ഏകദേശം 1.5 മൈൽ അകലെ പോക്കോപ്സൺ ടൗൺഷിപ്പിൽ ശനിയാഴ്ച പുലർച്ചെ 12:30 ഓടെ ഒരു വീട്ടിലെ നിരീക്ഷണ ക്യാമറയിൽ കൊലയാളിയുടെ ചിത്രം പതിഞ്ഞിരുന്നു. പാന്റും ഇളം നിറത്തിലുള്ള ടീ ഷർട്ടും വെള്ള ഷൂസുമാണ് ഇയാൾ ധരിച്ചിരുന്നത്. നീളമുള്ള ചുരുണ്ട മുടിയുള്ള ഇയാൾ ഒരു ബാക്ക്പാക്കും ധരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 16 ന് തന്റെ 33 കാരിയായ മുൻ കാമുകിയെ മാരകമായി കുത്തിക്കൊന്നതിന് കവൽകാന്റെ ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.നാലാഴ്ചയ്ക്കുള്ളിൽ ഇയാളെ ഒരു കറക്ഷൻ ഹോമിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നതായി ചെസ്റ്റർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഡെബ് റയാൻ പറഞ്ഞു. ഇതിനിടെയാണ് ജയിലിൽ നിന്ന് രക്ഷപെട്ടത്.
യുഎസ് മാർഷലുകൾ, സ്വാറ്റ്, മറ്റ് ഫെഡറൽ ഏജൻസികൾ എന്നിവയുൾപ്പെടെ നൂറുകണക്കിന് നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ നിലവിൽ ചുറ്റുമുള്ള പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുകയാണ്. ബ്രസീൽ സ്വദേശിയായ കാവൽകാന്റെയുടെ വിവരം നൽകുന്നവർക്ക് 10,000 ഡോളർ വരെ പാരിതോഷികം അധികൃതർ വാഗ്ദാനം ചെയ്യുന്നു. ബ്രസീലിലും കാവൽകാന്റെക്കെതിരെ കൊലപാതകക്കുറ്റം നിലനിൽക്കുന്നുണ്ട്.
എങ്ങനെ രക്ഷപ്പെട്ടു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ജയിൽ ആക്ടിംഗ് വാർഡൻ ഹോവാർഡ് ഹോളണ്ട് പറഞ്ഞു. പ്രതിക്ക് അഞ്ചടി ഉയരവും 120 പൗണ്ട് ഭാരവുമുണ്ട്. പോർച്ചുഗീസും സ്പാനിഷും ഇംഗ്ലീഷും സംസാരിക്കും. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 911 എന്ന നമ്പറിൽ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.