തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജാമ്യം അനുവദിക്കാന്‍ ആവശ്യമായ നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അദേഹം ആവശ്യപ്പെട്ടു.
കത്തിന്റെ പൂര്‍ണരൂപം ചുവടെ
വന്ദ്യവയോധികനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പൊലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ കണ്ടു. 94 കാരനായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുദ്രാവാക്യം വിളിക്കുന്നത് തടയാന്‍ അദേഹത്തിന്റെ കൈ ബലമായി പിടിച്ചു താഴ്ത്തുകയാണ് അങ്ങയുടെ പൊലീസ്. തൊപ്പി കൊണ്ട് ഗ്രോ വാസുവിന്റെ മുഖം മറയ്ക്കുനതും ഇതേ പൊലീസാണ്. മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്ചയാണത്.
എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്? തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളോ അല്ല. മാവോയിസ്റ്റ് വേട്ടയെന്ന പേരില്‍ മനുഷ്യരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വെടിവച്ച് കൊന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റം.
51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്തവരും ആള്‍മാറാട്ടവും വ്യാജ രേഖാ നിര്‍മാണവും നടത്തുന്ന സിപിഎം ബന്ധുക്കളും പൊലിസ് കസ്റ്റഡിയിലും ജയിലിലും രാജകീയമായി വാഴുമ്പോഴാണ് ഒരു വന്ദ്യ വയോധികനോട് കേരള പൊലീസ് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നത്.
നിയമസഭ അടിച്ചു തകര്‍ത്ത കേസ് അടക്കം പ്രമാദമായ എത്രയോ കേസുകള്‍ എഴുതിത്തള്ളാന്‍ വ്യഗ്രത കാട്ടിയ സര്‍ക്കാരാണ് അങ്ങയുടേത്. ഗ്രോ വാസുവിന്റെ പേരിലുള്ള കേസും പിന്‍വലിച്ചാല്‍ എന്താണ് കുഴപ്പം?
ഗ്രോ വാസുവിന്റെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുള്ളവരുണ്ടാകാം. എന്നാല്‍ 94 വയസിലും അദ്ദേഹത്തിന്റെ ഉള്ളിലുള്ള പോരാട്ടവീര്യത്തെ അംഗീകരിച്ചേ മതിയാകൂ. നമ്മളില്‍ പലരുടേയും പ്രായത്തേക്കാള്‍ പൊതുപ്രവര്‍ത്തന പരിചയമുള്ളയാളാണ് വാസുവേട്ടന്‍.
അങ്ങനെയൊരാളിന്റെ വായ മൂടി കെട്ടുന്ന, മുഖം മറയ്ക്കുന്ന, കൈ പിടിച്ച് ഞെരിക്കുന്ന പൊലീസ് സേനയെ കുറിച്ച് മുഖ്യമന്ത്രി എന്ന നിലയില്‍ അങ്ങേയ്ക്ക് മതിപ്പുണ്ടോ? അപമാനഭാരത്താല്‍ അങ്ങയുടെ തല താഴ്ന്നു പോകുന്നില്ലേ? ഇതാണ് താങ്കള്‍ നയിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലെ പൊലീസ് എന്നോര്‍ത്ത് ലോകം ലജ്ജിച്ച് തലതാഴ്ത്തും.
ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിനു നിയമപരമായ സാഹചര്യം ഉണ്ടാക്കണം. അദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്നും ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.