പുണ്യശ്ലോകനായ കുട്ടന്‍തറപ്പേല്‍ യൗസേപ്പച്ചന്റെ 66-ാം ചരമവാര്‍ഷികത്തിലും ശ്രാദ്ധ സദ്യയിലും ആയിരങ്ങള്‍ പങ്കെടുത്തു

പുണ്യശ്ലോകനായ കുട്ടന്‍തറപ്പേല്‍ യൗസേപ്പച്ചന്റെ 66-ാം ചരമവാര്‍ഷികത്തിലും ശ്രാദ്ധ സദ്യയിലും ആയിരങ്ങള്‍ പങ്കെടുത്തു

കോട്ടയം: പ്രാര്‍ത്ഥന, ദിവ്യകാരുണ്യഭക്തി, ദീനാനുകമ്പ, എളിമ എന്നീ പുണ്യങ്ങളിലൂടെ വിശുദ്ധ ജീവിതം നയിച്ച കുട്ടന്‍തറപ്പേല്‍ യൗസേപ്പച്ചന്റെ ചരമ വാര്‍ഷികവും ശ്രാദ്ധ സദ്യയും കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍ നടന്നു. രാവിലെ 10 ന് പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്‍കി.

മറ്റുള്ളവരുടെ വേദനകളും നൊമ്പരങ്ങളും അറിഞ്ഞ് അവര്‍ക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിച്ച പുണ്യ ചരിതനായ ഒരു വൈദികനായിരുന്നു കുട്ടന്‍തറപ്പേലച്ചനെന്ന് അദ്ദേഹം അനുസ്മരിച്ചു. തുടര്‍ന്ന് പാലാ രൂപതാ മുന്‍ മെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ പുണ്യചരിതന്റെ കബറിടത്തിങ്കല്‍ നാമകരണ പ്രാര്‍ത്ഥനയും ഒപ്പീസും നടത്തി.

ദൈവഹിതം ഭൂമിയില്‍ നിറവേറ്റാന്‍ ശ്രമിച്ച ആ പുണ്യാത്മാവിനോട് മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കാനായി ധാരാളം ആളുകള്‍ ഇവിടെ എത്തുന്നതായി അഭിവന്ദ്യ പിതാവ് അനുസ്മരിച്ചു. തുടര്‍ന്ന് ശ്രാദ്ധസദ്യയുടെ വെഞ്ചരിപ്പും പിതാവ് നടത്തി.

അനുസ്മരണ ബലിയിലും തുടര്‍ന്ന് നടന്ന ശ്രാദ്ധ സദ്യയിലും വൈദികരും സന്യസ്തരും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. ഇടവകവികാരി ഫാ. ജോസഫ് മുളഞ്ഞനാല്‍, അസിസ്റ്റന്റ് വികാരി ഫാ. ജോണ്‍ കുറ്റാരപ്പള്ളില്‍, കൈക്കാരന്മാര്‍, കമ്മറ്റിക്കാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.