പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് മുമ്പ് ടെലിഫോണ്‍ കുടിശ്ശിക അടയ്ക്കണമെന്ന മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം

പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് മുമ്പ് ടെലിഫോണ്‍ കുടിശ്ശിക അടയ്ക്കണമെന്ന മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം

കുവൈറ്റ്: പ്രവാസികള്‍ ടെലിഫോണ്‍ ബില്ലുകളുടെ കുടിശ്ശിക അടയ്ക്കാതെ രാജ്യം വിടാനാകില്ലെന്ന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇന്നലെ മുതലാണ് നിയമം നടപ്പാക്കി തുടങ്ങിയത്. കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ സര്‍ക്കാര്‍ ഏകജാലക സംവിധാനമായ സഹേല്‍ ആപ്പ് വഴിയോ ബില്ല് അടക്കാം.

രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പായി പ്രവാസികള്‍ തങ്ങളുടെ ട്രാഫിക് പിഴയും, വൈദ്യുതി-ജല കുടിശ്ശികയും അടക്കണമെന്ന നിയമം നേരത്തെ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയിരുന്നു. അതിനിടെ രാജ്യം വിടുന്നത് ഏത് കാരണത്താലായാലും കുടിശ്ശികയില്‍ ഇളവു നല്‍കില്ലെന്ന് അധികൃതര്‍ പറഞ്ഞു. പ്രവാസികളില്‍ നിന്നുള്ള പിഴയടക്കമുള്ള കുടിശ്ശികകള്‍ പിരിച്ചെടുക്കുന്ന നടപടികളുടെ ഭാഗമായാണിത്. പിഴ അടയ്ക്കാന്‍ വിമാനത്താവളങ്ങളിലും കര-നാവിക കേന്ദ്രങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യം വിടുന്നതിന് മുമ്പ് പ്രവാസികളുടെ കടങ്ങള്‍ ഈടാക്കാന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസബാഹ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക നഷ്ടം തടയാനും കടങ്ങള്‍ തിരിച്ചുപിടിക്കാനുമായാണ് നടപടി. ഗതാഗത നിയമലംഘന പിഴ ഒടുക്കാതെ വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കും നിലവില്‍ രാജ്യത്തിന് പുറത്തേക്ക് പോകാനാകില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.