ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ നവംബര്‍ ഒന്ന് മുതല്‍

ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ നവംബര്‍ ഒന്ന് മുതല്‍

അബുദാബി: പുസ്തക പ്രേമികള്‍ക്കു വിരുന്നൊരുക്കി 42-ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ (എസ്.ഐ.ബി.എഫ്) നവംബര്‍ ഒന്നിന് ആരംഭിക്കും. ഷാര്‍ജ എക്സ്പോ സെന്ററില്‍ നവംബര്‍ 12 വരെയാണ് പുസ്തകമേള നടക്കുക. റിപ്പബ്ലിക് ഓഫ് സൗത്ത് കൊറിയ ആയിരിക്കും ഈ വര്‍ഷത്തെ വിശിഷ്ടാതിഥിയെന്നും എമിറേറ്റ്സ് ന്യൂസ് ഏജന്‍സി (വാം) റിപ്പോര്‍ട്ട് ചെയ്തു.

പകര്‍പ്പവകാശം വാങ്ങുന്നതിലും വില്‍ക്കുന്നതിലും ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയാണ് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍. കഴിഞ്ഞ വര്‍ഷത്തെ മേളയില്‍ 95 രാജ്യങ്ങളില്‍ നിന്നുള്ള 2,213ലധികം പ്രസാധകര്‍ പങ്കെടുത്തിരുന്നു. 57 രാജ്യങ്ങളില്‍ നിന്നുള്ള 150 എഴുത്തുകാരും ചിന്തകരും സംബന്ധിച്ചു.

ഈ വര്‍ഷത്തെ വിശിഷ്ടാതിഥിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മേളയിലെത്തുന്നവര്‍ക്ക് ദക്ഷിണ കൊറിയയുടെ ചരിത്രം, നാഗരികത, കലകള്‍ എന്നിവയെക്കുറിച്ച് പഠിക്കാനുള്ള അവസരം ലഭിക്കും. ദക്ഷിണ കൊറിയയില്‍ നിന്നുള്ള നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രമുഖരും അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കിടും. കഴിഞ്ഞ ജൂണില്‍ സിയോള്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ 65ാമത് എഡിഷനില്‍ ദക്ഷിണ കൊറിയ ഷാര്‍ജയെ തങ്ങളുടെ അതിഥിയായി പങ്കെടുപ്പിച്ചിരുന്നു.

ആഗോള സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ ഷാര്‍ജ എമിറേറ്റ് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയാണെന്ന് ഷാര്‍ജ ലിറ്ററേച്ചര്‍ അതോറിറ്റി ചെയര്‍വുമണ്‍ ഷെയ്ഖ ബോദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക പരിപാടികളിലൊന്നായി മേള മാറിക്കഴിഞ്ഞു. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് പുസ്തക-സാംസ്‌കാരിക പ്രേമികളാണ് മേളയില്‍ പങ്കെടുക്കുന്നത്. പ്രസാധകരും രചയിതാക്കളും തമ്മില്‍ പ്രസിദ്ധീകരണ അവകാശങ്ങള്‍ വാങ്ങാനും വില്‍ക്കാനും സൗകര്യമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.