ജോസ് വിൻ കാട്ടൂർ
വത്തിക്കാൻ സിറ്റി: ഉക്രെയ്നിൽ സമാധനവും അനുരജ്ഞനവും സാധ്യമാക്കുകയെന്നത്, ഒക്ടോബർ മാസത്തിലെ പ്രത്യേക പ്രാർത്ഥനാ നിയോഗമായി ഏറ്റെടുക്കണമെന്ന് എല്ലാ കൈസ്തവരോടും അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. റോമിൽ നടക്കുന്ന ഉക്രേനിയൻ-ഗ്രീക്ക് കത്തോലിക്കാസഭയിലെ മെത്രാൻമാരുടെ വാർഷിക സിനഡിനെ അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു പാപ്പ. സംഘർഷത്തിന് അറുതി വരാനും മാനസാന്തരങ്ങൾ നടക്കുന്നതിനുമായി നാം കൂടുതൽ പ്രാർത്ഥിക്കേണ്ടതുണ്ട് - പാപ്പ ഓർമ്മപ്പെടുത്തി.
കത്തോലിക്കാ സഭ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിൽ, ഉക്രെയ്നിൽ യുദ്ധം അവസാനിക്കാനും സമാധാനം പുനസ്ഥാപിക്കാനും എല്ലാവരും പ്രാർത്ഥിക്കണം. അതോടൊപ്പം, ലോകമെമ്പാടുമുള്ള മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ അർപ്പിക്കപ്പെടുന്ന ജപമാലകൾ ഈയൊരു പ്രത്യേക നിയോഗത്തോടെ ആയിരിക്കണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.
ഉക്രേനിയൻ-ഗ്രീക്ക് കത്തോലിക്കാസഭയിലെ മെത്രാൻമാരുടെ വാർഷിക സിനഡിൽ, ഏകദേശം രണ്ടു മണിക്കൂറോളം മാർപാപ്പയും സന്നിഹിതനായിരുന്നുവെന്ന് വത്തിക്കാൻ മധ്യമ കാര്യാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. മേജർ ആർച്ചുബിഷപ് സ്‌വിയാത്തോസ്ലാവ് ഷെവ്ചൂക്, പരിശുദ്ധ പിതാവിനെ സിനഡിലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു. തന്റെ രാജ്യം കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന വേദനാജനകമായ സാഹചര്യങ്ങൾ അദ്ദേഹം പാപ്പയുടെ മുമ്പിൽ വിവരിച്ചു.
ഉക്രെയ്ൻ ജനതയുടെ സഹനങ്ങൾ
യുദ്ധം മൂലം മരണപ്പെട്ടവരുടെയും മുറിവേറ്റവരുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും സംഖ്യ അനുദിനം വർധിച്ചുവരുന്നതിനെക്കുറിച്ചുള്ള ആധി, അദ്ദേഹം വേദനയോടെ പങ്കുവച്ചു. യുദ്ധത്തിന്റെ ആരംഭനാളുകൾ മുതൽ ഇക്കാലമത്രയും ഉക്രെയ്ൻ ജനതയോടു പ്രകടിപ്പിച്ച വാത്സല്യത്തിനും ഔദാര്യപൂർണമായ സഹായങ്ങൾക്കും മേജർ ആർച്ചുബിഷപ് മാർപാപ്പയ്ക്കു നന്ദി പറഞ്ഞു. അതേ തുടർന്ന് സഭയിലെ മറ്റു മെത്രാന്മാരും തങ്ങളുടെ പ്രദേശങ്ങളിലെ ജനങ്ങൾ പലവിധത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകൾ വിവരിച്ചു.
സാന്ത്വനവും സാമീപ്യവും അറിയിച്ച് പാപ്പ
പരിശുദ്ധ പിതാവ് അവയോരോന്നും ശ്രദ്ധാപൂർവ്വം കേൾക്കുകയും കൂടുതൽ വിശദീകരണങ്ങൾ വേണ്ടി വന്നിടത്ത് അവ ചോദിച്ചു മനസിലാക്കുകയും ചെയ്തുവെന്ന് പത്രക്കുറിപ്പിൽ തുടർന്നു പറയുന്നു. ഉക്രേനിയൻ ജനത ഇരയായികൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളും ക്രൂരതകളും കേട്ട പാപ്പാ, അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തിൽ താനും പങ്കുചേരുന്നതായി പറഞ്ഞു. രക്തസാക്ഷിത്വത്തിനടുത്ത സഹനങ്ങളാണ് അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
യുദ്ധ മേഖലകളിൽ താമസിക്കുന്നവരുടെ നിസ്സഹായവസ്ഥയെക്കുറിച്ച് പാപ്പാ വ്യസനത്തോടെയാണ് സംസാരിച്ചത്. എല്ലാം നശിപ്പിക്കണമെന്നുള്ള പിശാചിന്റെ ആഗ്രഹമാണ് യുദ്ധത്തിന് പുറകിലുള്ളത്. തങ്ങളുടെ മുഖത്തുനിന്നും പുഞ്ചിരി മാഞ്ഞുപോയ ഉക്രെയ്നിലെ കുട്ടികളെക്കുറിച്ചോർക്കുമ്പോഴാണ് താൻ ഏറ്റവും കൂടുതൽ വ്യാകുലപ്പെടുന്നതെന്നും പാപ്പ പറഞ്ഞു.
യേശുവിന്റെ മാതൃക
അവസാനമായി, സത്യത്തിനു വേണ്ടി പീഡയനുഭവിച്ച യേശുവിന്റെ മാതൃക അനുസ്മരിച്ചുകൊണ്ട് പാപ്പ അവർക്ക് പ്രചോദനം നൽകി. അപമാനവും പീഡനവും ഒടുവിൽ കുരിശുമരണവും വരിക്കേണ്ടി വന്നപ്പോഴും, അവയ്ക്കൊന്നും ഇരയായിത്തീരാതെ സത്യത്തിന് സാക്ഷ്യം വഹിച്ച യേശുവിനെ മാതൃകയാക്കണമെന്ന് പരിശുദ്ധ പിതാവ് അവരെ ഓർമ്മപ്പെടുത്തി. ധൈര്യപൂർവ്വം സത്യത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട്, തങ്ങൾക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ജനങ്ങളെ ധൈര്യപ്പെടുത്താൻ പാപ്പാ അവരോട് ആഹ്വാനം ചെയ്തു. വിശുദ്ധിയും ധൈര്യവുമാണ് ജനങ്ങൾ മെത്രാന്മാരിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു.
മേജർ ആർച്ച് ബിഷപ്പ് ഒരിക്കൽ തനിക്കു സമ്മാനിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രത്തിനു മുമ്പിൽ, എല്ലാ ദിവസവും ഉക്രേനിയൻ ജനതയെ ഓർത്ത് പ്രാർത്ഥിക്കാറുണ്ടെന്ന കാര്യവും കൂടിക്കാഴ്ചയുടെ സമാപനത്തിൽ പരിശുദ്ധ പിതാവ് അവരെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26