40,000 വും പിന്നിട്ട് ചാണ്ടി ഉമ്മന്‍: അഭിനന്ദിച്ച് ഗവര്‍ണര്‍; ആടിത്തിമിര്‍ത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍

40,000 വും പിന്നിട്ട് ചാണ്ടി ഉമ്മന്‍: അഭിനന്ദിച്ച് ഗവര്‍ണര്‍; ആടിത്തിമിര്‍ത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍

കോട്ടയം: പുതുപ്പള്ളിയില്‍ ആടിത്തിമിര്‍ത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍. ചാണ്ടി ഉമ്മന്‍ റെക്കോഡ് ഭൂരിപക്ഷത്തിലേക്ക് നീങ്ങുമ്പോഴാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വയം മതിമറന്ന് ആഹ്ലാദ നൃത്തം ചവിട്ടുന്നത്. വമ്പന്‍ ലീഡുമായി മുന്നേറുന്ന ചാണ്ടി ഉമ്മനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിനന്ദനം അറിയിച്ചു.

പുതുപ്പള്ളി അടക്കമുള്ള പഞ്ചായത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 40,000 ത്തിലധികം വോട്ടുകളുടെ ലീഡാണ് ചാണ്ടി ഉമ്മന്‍ നേടിയത്. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞതായാണ് അറിയുന്നത്. മീനടം, വാകത്താനം എന്നീ പഞ്ചായത്തുകളാണ് ഇനി എണ്ണാനുള്ളത്.

ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്ന് മകന്‍ ചാണ്ടി ഉമ്മന്റെ ജൈത്ര യാത്ര. 2011 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സൂജ സൂസന്‍ ജോര്‍ജിനെ 33,255 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയതാണ് ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം. ഇതാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ചാണ്ടി ഉമ്മന്‍ മറികടന്നത്.

ഇനി വാകത്താനം പഞ്ചായത്തിലെ രണ്ട് ബൂത്തുകളള്‍ മാത്രമാണ് എണ്ണാനുള്ളത്. ഉമ്മന്‍ ചാണ്ടി തരംഗവും ഭരണ വിരുദ്ധ വികാരവും ആഞ്ഞടിച്ചു എന്ന് വ്യക്തമാക്കുന്ന ഫലമാണ് പുറത്തു വരുന്നത്. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാടേ പൊളിയുന്ന കാഴ്ചയാണ് പുതുപ്പള്ളിയില്‍ കാണാന്‍ കഴിയുന്നത്.

വോട്ടെണ്ണല്‍ പൂര്‍ത്തിയായ എല്ലാ പഞ്ചായത്തുകളിലും വമ്പന്‍ വിജയമാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന്റെ സ്വന്തം പഞ്ചായത്തായ മണര്‍കാടും ചാണ്ടി ഉമ്മന്‍ തന്നെയാണ് ആധിപത്യം നിലനിര്‍ത്തിയത്.

സിപിഎമ്മിനേക്കാള്‍ കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടത്. കേന്ദ്ര മന്ത്രിമാരെ വരെ ഇറക്കി വന്‍ പ്രചാരണമാണ് ബിജെപി മണ്ഡലത്തില്‍ നടത്തിയതെങ്കിലും മുന്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ പോലും വെട്ടിയിലാക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിനായില്ല.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.