ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ഇന്ത്യയിലെത്തി; ജോ ബൈഡനുമായി മോഡി കൂടിക്കാഴ്ച നടത്തി

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ഇന്ത്യയിലെത്തി; ജോ ബൈഡനുമായി മോഡി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ഇന്ത്യയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി റിഷി സുനക്, ബംഗ്ലാദേശ് പ്രധാ നമന്ത്രി ഷെയ്ഖ് ഹസീന, ജപ്പാന്റെ ഫ്യൂമിയോ കിഷിദ അടക്കമുള്ള നേതാക്കൾ രാജ്യ തലസ്ഥാനത്ത് എത്തിച്ചേർന്നു. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

യുഎസ് പ്രസിഡൻറ് ബൈഡനുമായി എയർഫോഴ്‌സ് വൺ വിമാനം രാത്രി ഏഴുമണിയോടെയാണ് ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. കേന്ദ്രസഹമന്ത്രി ജനറൽ വി.കെ സിങ് അടക്കമുള്ളവർ വിമാനത്താവളത്തിൽ ബൈഡനെ സ്വീകരിക്കാനെത്തി. അമേരിക്കൻ പ്രസിഡന്റായശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ മൗര്യ ഷെറാട്ടൺ ഹോട്ടലിലാണ് ബൈഡന് താമസം ഒരുക്കിയിരിക്കുന്നത്. ബൈഡന് പുറമെ യു.കെ പ്രധാനമന്ത്രി ഋഷി സുനാക് അടക്കമുള്ള നിരവധി നേതാക്കൾ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപം കൺവെൻഷൻ സെന്ററിലാണ് ജി20 ഉച്ചകോടി നടക്കുക.

ശനിയാഴ്ച വിശിഷ്ടാതിഥികൾക്കായി രാഷ്ട്രപതി ദ്രൗപദി മുർമു അത്താഴവിരുന്ന് നൽകും. ഉച്ചകോടിയിൽ ചർച്ചചെയ്യുന്ന ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളിൽ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കൾ സംയുക്തപ്രസ്താവന പുറപ്പെടുവിക്കും. ഞായറാഴ്ച രാവിലെ ജി-20 നേതാക്കൾ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിയും സന്ദർശിക്കും.

ഉച്ചകോടി വേദിയും പ്രതിനിധികൾക്കുള്ള ഹോട്ടലുകളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മരുന്നുകൾ ഒഴികെയുള്ള ഓൺലൈൻ ഡെലിവറി സേവനങ്ങൾ തടഞ്ഞുകൊണ്ട് കർശനമായ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശനി ഞായർ ദിവസങ്ങളിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 30-ലധികം രാഷ്ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.